
ഷാർജയിൽ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിപഞ്ചികയുടം ഭർത്താവിനെ കൂടി കക്ഷിചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്നു സംശയമുള്ളതിനാൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്ന് കോടതി ചോദിച്ചു. ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ആരാഞ്ഞു. ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. മകളുടെയും കൊച്ചുമകളുടേയും മരണവിവരമറിഞ്ഞ് മാതാവ് ഷൈലജ ഷാർജയിലാണ് ഉള്ളത്. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരൻ വിനോദും ഷാർജയിലെത്തിയിട്ടുണ്ട്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഷാർജയിൽ പോസ്റ്റ്മോർട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിപഞ്ചിക നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹർജിയിൽ പറയുന്നത്. ഇതിന്റെ തെളിവുകളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും മരണത്തിൽ സംശയമുണ്ടെന്നും അതിനാൽ പഴുതടച്ച അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്ന പരാതിയും ഹർജിയിൽ പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഴുതടച്ച അന്വേഷണവും ഒപ്പം തെളിവുകൾ നശിപ്പിക്കാതിരിക്കലും പ്രധാനമാണെന്നും അക്കാര്യത്തിൽ കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.











