10:06pm 14 June 2024
NEWS
ബാർ കോഴയിൽ  തീവ്ര പ്രതിഷേധം ; സഭ സ്തംഭിച്ചു                                   

10/06/2024  04:42 PM IST
നിയമസഭയിൽ നിന്ന് മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
ബാർ കോഴയിൽ  തീവ്ര പ്രതിഷേധം ; സഭ സ്തംഭിച്ചു       

തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് നിയമസഭ. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ആരോപിച്ചു.  അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിലവിലെ സമ്മേളനത്തിലെ ആദ്യ ദിനം തന്നെ നടുത്തളത്തിലിറങ്ങിയത്.  സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.  ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന  പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. മന്ത്രി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാർ  ഉടമകളുടെ സംഘടനാ നേതാവിൻ്റെ പുറത്തു വന്ന ശബ്ദ സന്ദേശത്തിൽ നിന്നും തന്നെ അഴിമതി വ്യക്തമാണെന്ന്‌ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രസംഗിക്കവേ  റോജി എം ജോൺ ആരോപിച്ചു. ശബ്ദ സന്ദേശത്തിൽ മദ്യ നയത്തിൽ മാറ്റം വരുത്തുന്നതിന് പണം നൽകണമെന്ന് പറഞ്ഞതായും റോജി എം ജോൺ വിശദീകരിച്ചു. 

എം ബി രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ശബ്ദ സന്ദേശം എങ്ങനെ പുറത്തു വന്നു എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത് എന്നും അല്ലാതെ ബാർ കോഴ അഴിമതി അന്വേഷിക്കുന്നില്ലെന്നും റോജി എം ജോൺ പരിഹസിച്ചു. നോട്ടീസ് അവതരിപ്പിച്ച റോജി എം ജോണിന് മറുപടി നൽകിയ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി. 

മദ്യ നയത്തിൽ പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ലെന്നും  എം ബി രാജേഷ് പറഞ്ഞു. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ടതാ യിരുന്നില്ല.ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിൻറെ  ഭാഗം മാത്രം ആയിരുന്നു.മദ്യനയത്തിൻറെ  പേരിൽ വാട്സ്ആപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അതിന് പിന്നാലെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് താൻ തന്നെയാണ് ഡിജിപിക്ക് കത്തയച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

വിഷയാവതരണത്തിനിടെ രാമായണത്തിലെ ഉദ്ധരണികൾ പരാമർശിച്ച് റോജി എം ജോൺ കെ എം മാണിക്കെതിരെ എൽഡിഎഫ് ഉയർത്തിയ ഒന്നാം ബാർ കോഴ വിവാദവും സഭയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവന്നു. 'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചുകൂടിയെന്നേ വരൂ' എന്നായിരുന്നു പഴയ ബാർ കോഴ വിവാദം ഓർമ്മിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെയുള്ള റോജിയുടെ വിമർശനം. അതിനൊപ്പം തന്നെ അന്ന് മാണിക്കെതിരായ വിഎസിൻറെ  പഴയ ബൈബിൾ വാക്യവും റോജി സഭയിൽ ആവർത്തിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്നായിരുന്നു വിഎസിന്റെ അന്നത്തെ വാക്യങ്ങൾ ആവർത്തിച്ചുകൊണ്ട് റോജി എം ജോൺ പറഞ്ഞത്. 

ബാർ കോഴ വിവാദത്തിൽ കോടികളുടെ കോഴ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സിപിഐ നേതാവടക്കം ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തുവന്നിട്ടും യാതൊരു നടപടിയുമെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ബാർ മുതലാളിമാർ പണം പിരിക്കുന്നത് എന്തായാലും പ്രതിപക്ഷത്തിന് വേണ്ടിയല്ല. അത് ആർക്കുവേണ്ടിയാണെന്ന് മനസ്സിലാവാത്തത് എക്സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണെന്നും എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസാണോയെന്നും റോജി എം ജോൺ ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA