07:51pm 04 September 2026
NEWS
'കോടിയേരിയുടെ മരണശേഷം ക്രൂരമായ അവഗണന; വിളിച്ചാൽ ഫോൺ പോലും എടുക്കില്ല': സിപിഎം ഉന്നത നേതൃത്വത്തിനെതിരെ വിനോദിനി ബാലകൃഷ്ണൻ
06/06/2026  09:08 AM IST
ന്യൂസ് ബ്യൂറോ
കോടിയേരിയുടെ മരണശേഷം ക്രൂരമായ അവഗണന; വിളിച്ചാൽ ഫോൺ പോലും എടുക്കില്ല: സിപിഎം ഉന്നത നേതൃത്വത്തിനെതിരെ വിനോദിനി ബാലകൃഷ്ണൻ

 

തിരുവനന്തപുരം/​കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടിയിലെ ഉന്നത നേതാക്കളിൽ നിന്ന് കുടുംബത്തിന് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കേരളത്തിൽ പ്രധാന പദവി വഹിക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ (പി.ബി) അംഗം, ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി തുറന്നടിച്ചു. ഈ ആരോപണം നിലവിലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.
​ഫോൺ എടുക്കില്ല, തിരിച്ചുവിളിക്കില്ല; തുറന്നടിച്ച് വിനോദിനി
​കോടിയേരി മരിച്ച് നാല് വർഷം പിന്നിടുമ്പോഴും ഉന്നത നേതൃത്വത്തിൽ നിന്ന് ആരും തന്നെ കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ തയ്യാറായിട്ടില്ലെന്ന് വിനോദിനി പറയുന്നു.
​"ഒരു പ്രധാന കാര്യം അറിയിക്കാൻ വേണ്ടി ഈ ഉന്നത നേതാവിനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ഫോൺ എടുക്കുകയോ, പിന്നീട് തിരിച്ചുവിളിക്കുകയോ ചെയ്തില്ല. വ്യക്തിപരമായ കാര്യങ്ങൾ സാധിപ്പിക്കാനാണ് വിളിക്കുന്നത് എന്ന് കരുതിയാണോ അദ്ദേഹം ഫോൺ എടുക്കാത്തത് എന്ന് അറിയില്ല."
​എന്നാൽ ഈ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്ന് അവർ വ്യക്തമാക്കി. പിണറായി വിജയൻ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുമെന്നും, തിരക്കിലാണെങ്കിൽ ആദ്യ അവസരത്തിൽ തന്നെ തിരിച്ചുവിളിക്കുമെന്നും വിനോദിനി കൂട്ടിച്ചേർത്തു.
​പാർട്ടി കോടിയേര്യോട് അനീതി കാണിച്ചോ?
​കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കാതിരുന്നതിലുള്ള മനോവിഷമം വിനോദിനി അഭിമുഖത്തിൽ പങ്കുവെച്ചു. പാർട്ടി കോടിയേരിയോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന് 'അത് ആലോചിക്കേണ്ട വിഷയമാണ്' എന്നായിരുന്നു അവരുടെ മറുപടി.
​കൂടാതെ, രോഗബാധിതനായിരിക്കെ കോടിയേരി ഏറ്റവും കൂടുതൽ വേദനിച്ചത് മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു. മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. തന്റെ ഷോപ്പിംഗ് ഭ്രമത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും വിനോദിനി മറുപടി നൽകി; ചെറിയ ബഡ്ജറ്റിലും നല്ല രീതിയിൽ ഷോപ്പിംഗ് നടത്താമെന്നാണ് അവരുടെ വിശദീകരണം. രാഷ്ട്രീയ എതിർചേരിയിലുള്ള കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള ആത്മബന്ധവും അവർ ഓർത്തെടുത്തു. സിപിഎം വിമതനായ തളിപ്പറമ്പ് എം.എൽ.എ ടി.കെ.ഗോവിന്ദനെ 'വർഗവഞ്ചകൻ' എന്ന് വിളിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
​'അനാവശ്യ വിധേയത്വമില്ല, എന്നും പാർട്ടിക്കാരി'
​തന്റെ ഈ വിമർശനങ്ങൾ പാർട്ടി വിരോധമായി ആരും കാണരുതെന്ന് വിനോദിനി പ്രത്യേകം ഓർമ്മിപ്പിച്ചു. എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളായി നിൽക്കാൻ തന്നെയാണ് ആഗ്രഹം. എന്നാൽ അനാവശ്യമായ വിധേയത്വം ഉണ്ടാകില്ലെന്നും, ഉൾപ്പാർട്ടി വേദികളിൽ പ്രശ്നങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വിനോദിനി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img