06:50pm 09 November 2026
NEWS
തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ


24/04/2025  11:42 AM IST
nila
തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ ആണ് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രന് വധശിക്ഷ വിധിച്ചത്. കേസിലെ ഏക പ്രതിയാണ് രാജേന്ദ്രൻ. തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. വിനീതയുടെ കഴുത്തിൽക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായാണ് രാജേന്ദ്രൻ കൊടുംക്രൂരത ചെയ്തത്. 

കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ഏപ്രിൽ പത്തിന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. പ്രതിയുടെ മാനസികനില ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രതി യുവതിയെ കുത്തികൊല്ലുകയായിരുന്നു. കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img