11:54am 01 May 2026
NEWS
'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' അഹങ്കാരം കൊണ്ട് താൻ നഷ്ടപ്പെടുത്തിയ സിനിമയെന്ന് വിൻസി അലോഷ്യസ്

04/01/2025  01:43 PM IST
nila
ഓൾ വി ഇമാജിൻ അസ് ലൈറ്റ് അഹങ്കാരം കൊണ്ട് താൻ നഷ്ടപ്പെടുത്തിയ സിനിമയെന്ന് വിൻസി അലോഷ്യസ്

അഹങ്കാരം കൊണ്ട് താൻ വേണ്ടെന്ന് വെച്ച സിനിമയാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ ഒരു അവസ്ഥയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചതെന്നും താരം പറയുന്നു. . നസ്രാണി യുവശക്തി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ തിരിച്ചടികൾക്ക് കാരണം തന്റെ തന്നെ അഹങ്കാരമാണെന്ന് വിൻസി അലോഷ്യസ് തുറന്നു പറഞ്ഞത്.  രണ്ടു വർഷത്തോളം സിനിമ ചെയ്യാത്ത താൻ ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കണമെന്നും താരം പറഞ്ഞു.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ...

‘‘ഞാൻ എങ്ങനെയാണ് സിനിമാ ലോകത്തേക്കു കടന്നു വന്നതെന്ന് നിങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യമാകും. ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോ വഴിയായിരുന്നു എന്റെ കടന്നുവരവ്.  ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നു എനിക്ക് ഭയങ്കര അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന്. കാരണം ആ സമയത്ത് നല്ല രീതിയിലുള്ള പ്രാർഥനയുണ്ട്, നല്ല രീതിയിൽ ആരെയും ബുദ്ധിമുട്ടിക്കാതെയും ആരെയും വെറുപ്പിക്കാതെയുമാണ് നടന്നിരുന്നത്. വലിയ അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല.  അങ്ങനെ ഓരോ വഴികൾ തുറന്നുവന്നു.  നായിക നായകൻ കഴിഞ്ഞ് സിനിമകൾ വരാൻ തുടങ്ങി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന അങ്ങനെ നല്ല നല്ല സിനിമകളുടെ ഭാഗമായി. പിന്നീട് രേഖ വന്നു. രേഖയിലൂടെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടുന്നത്.  

എന്റെ ഈ വളർച്ചയ്ക്കിടയിൽ എന്നിൽ ചില കാര്യങ്ങൾ സംഭവിച്ചു. ഓരോ സിനിമയും വിജയിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അഹങ്കാരം കൂടി. ഞാൻ അഹങ്കരിച്ചു തുടങ്ങിയപ്പോൾ എന്റെ പ്രാർഥന കുറഞ്ഞു. അതിനു ശേഷം ഇറങ്ങിയ സിനിമകൾ എല്ലാം പരാജയമായിരുന്നു. പിന്നെ ഒന്നും നല്ലതായി എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ഞാൻ ഒരു ഏറ്റുപറച്ചിൽ ആയി ഒരു കാര്യം പറയാം. എനിക്ക് അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ ഓഫർ വന്നപ്പോൾ ഇത് എനിക്ക് പറ്റിയ സിനിമയല്ല എന്നുപറഞ്ഞ് ഒഴിവാക്കി വിട്ടു.  അത് ഇന്ന് കാൻസിൽ എത്തി നിൽക്കുന്ന ഒരു സിനിമയാണ്, ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’. 

കനി കുസൃതി, ദിവ്യ പ്രഭ ഒക്കെ അഭിനയിച്ച സിനിമയാണ്. എന്റെ അഹങ്കാരത്തിന്റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമ. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ ഒരു അവസ്ഥയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്. നമ്മൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നത് എത്തിച്ചേരണം, എങ്കിൽ മനസ്സിൽ നന്മയും വിശ്വാസവും വേണം. പ്രാർഥനയുള്ള സമയത്ത്, മനസ്സിൽ നന്മയുള്ള സമയത്ത് എത്തേണ്ടിടത്ത് ഞാൻ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിതത്തിൽ ഒരു സ്ഥലത്തും ഞാൻ എത്തിയിട്ടില്ല.  നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും. എന്റെ അനുഭവം അതാണ്.  ഇപ്പോൾ ഞാൻ എന്നെ മനസ്സിലാക്കുന്നുണ്ട്.  അഹങ്കരിച്ചതിനൊക്കെ പ്രതിഫലം കിട്ടി.  രണ്ടു വർഷത്തോളം സിനിമ ചെയ്യാത്ത ഞാൻ ഇപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട്. ‘സൂത്രവാക്യം’ എന്നാണു സിനിമയുടെ പേര്. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കണം എന്നാണ് ഇപ്പോൾ ആഗ്രഹം.’’–വിൻസി അലോഷ്യസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img