03:26am 30 April 2026
NEWS
നിറത്തിന്റെ പേരിൽ നടൻ കലാഭവൻ മണിയെ അപമാനിച്ച നടി ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ
03/10/2025  03:57 PM IST
nila
നിറത്തിന്റെ പേരിൽ നടൻ കലാഭവൻ മണിയെ അപമാനിച്ച നടി ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ

നിറത്തിന്റെ പേരിൽ നടൻ കലാഭവൻ മണിയെ നടി ദിവ്യ ഉണ്ണി അപമാനിച്ചു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരമൊരു ആരോപണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ദിവ്യ ഉണ്ണി നേരിടേണ്ടി വന്നത്. നും മണിച്ചേട്ടനും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണെന്നും തങ്ങൾക്ക് രണ്ടാൾക്കും ഇത്തരമൊരു പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയാം എന്നും നേരത്തേ തന്നെ നടി ദിവ്യ ഉണ്ണി പ്രതികരിച്ചിരുന്നു. എന്നാൽ അപ്പോഴും ആ ആരോപണത്തിന്റെ നിഴലിൽ നിന്നും താരം മുക്തയായിരുന്നില്ല. ഇപ്പോഴിതാ, കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ വിനയൻ രം​ഗത്തെത്തിയിരിക്കുകയാണ്.

കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്നും അത് മറ്റൊരു നടിയാണ് എന്നുമാണ് വിനയൻ പറയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് വിനയൻ ഇക്കാര്യം പറഞ്ഞത്. അതേസമയം, കലാഭവൻ മണിയെ അപമാനിച്ച നടിയുടെ പേര് വിനയൻ വെളിപ്പെടുത്തിയിട്ടില്ല. വിവാദത്തിന് ആസ്പദമായ സംഭവം നടന്നത് ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയുടെ സെറ്റിലല്ലെന്നും, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യഥാർഥ സംഭവമെന്നും വിനയൻ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

‘‘അത് ഈ സിനിമ അല്ല. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പ്രശസ്‌തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ‘കല്യാണ സൗഗന്ധിക’ത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ‘ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല, എന്റെ ഹീറോ ദിലീപ് ചേട്ടനാണ്’ എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.  ദിലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വ‌പ്നം നിറഞ്ഞ ആകാംക്ഷയായി മാത്രമേ അതിനെ കണ്ടിട്ടുള്ളൂ.  കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്‌തു.  

കലാഭവൻ മണി ‘കല്യാണ സൗഗന്ധിക’ത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, ‘വാസന്തിയും ലക്ഷ്മി’യും എന്ന സിനിമയിലേക്കു നായികയെ അന്വേഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു. വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്.’’ വിനയൻ കുറിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img