05:02pm 10 November 2026
NEWS
നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നെന്നാരോപിച്ച് നടൻ വിനായകനെതിരെ പരാതി
24/07/2025  06:10 PM IST
nila
നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നെന്നാരോപിച്ച് നടൻ വിനായകനെതിരെ പരാതി

കൊച്ചി: മഹാത്മാ​​ഗാന്ധിയേയും മുൻ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നടൻ വിനായകൻ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് വിനായകനെതിരെ ഡിജിപിക്ക് പരാതി കൊടുത്തത്. വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സിജോ ജോസഫ് പരാതി നൽകിയിരിക്കുന്നത്. 

വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് അണികളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് ക്രമസമാധാനപ്രശ്‌നമുണ്ടാക്കും എന്നുമാണ്‌ പരാതിയിലെ ഉള്ളടക്കം. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ നിന്നും വിനായകനെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. 

നേരത്തെ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ച സമയത്ത് വിനായകൻ അധിക്ഷേപപരാമർശം നടത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപം. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു. വി.എസിന്റെ വിയോഗത്തിന് പിന്നാലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനടന്ന അനുസ്മരണ പരിപാടിയിൽ വിനായകൻ പങ്കെടുത്തിരുന്നു. ഉമ്മൻചാണ്ടിയുടെ മരണത്തിലും വി.എസിന്റെ മരണത്തിലും നടൻ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടി വലിയ വിമർശനം ഉയർന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റുമായി വിനായകൻ എത്തിയത്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. വി.എസിന്റെ മരണവുമായി ചേർത്തായിരുന്നു പോസ്റ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img