08:28am 09 November 2026
NEWS
'യുവതീ–യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്ത് കുടുംബം പോറ്റെടാ': ജോൺ ബ്രിട്ടാസിനെതിരെ നടൻ വിനായകൻ
29/07/2026  06:24 PM IST
nila
യുവതീ–യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്ത് കുടുംബം പോറ്റെടാ: ജോൺ ബ്രിട്ടാസിനെതിരെ നടൻ വിനായകൻ

രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി നടൻ വിനായകൻ. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ ബ്രിട്ടാസ് രാഷ്ട്രീയ ഇടപെടൽ നടത്തിയെന്നാണ് വിനായകൻ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചത്. "യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ" എന്നായിരുന്നു വിനായകന്റെ കുറിപ്പ്. ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചാണ് വിനായകന്റെ വിവാദ പോസ്റ്റ്. ഇതോടെ ഇടതുപക്ഷ അനുഭാവികളിൽ നിന്ന് നടന് നേരെ വിമർശനം ശക്തമായി.

സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ജോൺ ബ്രിട്ടാസുൾപ്പെടെ നിരവധി ഇടത് എംപിമാർ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ബ്രിട്ടാസും മറ്റ് എംപിമാരും ഇടപെട്ട് പ്രതിഷേധം രേഖപ്പെടുത്തിയ സംഭവവും ശ്രദ്ധ നേടിയിരുന്നു.

സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ, സി.പി.ഐ.(എം.എൽ.) നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലെത്തിയിരുന്നു.

അതേസമയം, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതായി ആരോപിക്കപ്പെട്ട ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെയും വിനായകൻ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ആ വിഷയത്തിൽ ഇടതുപക്ഷ അനുഭാവികളടക്കം നിരവധി പേർ വിനായകന് പിന്തുണ നൽകിയിരുന്നു. അതിന് പിന്നാലെയാണ് ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടുള്ള പുതിയ പ്രതികരണം ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img