
കരൂർ: ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ വേഗത്തിൽ ശരിയാക്കണമെങ്കിൽ മീൻകറിയും ഊണും എത്തിച്ചുനൽകണമെന്നാവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരെ നടപടി. തമിഴ്നാട്ടിലെ കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയ കർഷകനോടാണ് ഉദ്യോഗസ്ഥൻ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. അപേക്ഷയിലെ നടപടികൾ വേഗത്തിലാക്കി പട്ടയം കൈമാറണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും ഓഫീസിലെത്തിക്കണമെന്നായിരുന്നു നിർദേശം.
വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിക്കാൻ കഴിയില്ലെങ്കിൽ സമീപത്തെ കടയിൽനിന്ന് മീൻകറി വാങ്ങി കൊണ്ടുവന്നാലും രേഖകൾ ശരിയാക്കി നൽകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥന്റെ ആവശ്യം സംശയാസ്പദമായി തോന്നിയതോടെ കർഷകൻ സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്തു. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് കാർത്തിക്കിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായാണ് വിവരം.










