
കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. പുഴാതി വില്ലേജ് ഓഫീസറായിരുന്ന പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു.
2021-ലാണ് കണ്ണൂരിലെ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലിചെയ്തിരുന്ന യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തത്. കുട്ടികളുടെ മാസിക വിൽക്കാനായാണ് യുവതി പ്രതിയുടെ വീട്ടിലെത്തിയത്. അമ്മ അകത്തുണ്ടെന്ന് പറഞ്ഞ് വിളിച്ചശേഷം സെൻട്രൽ ഹാളിൽനിന്ന് പിടിച്ചുവലിച്ച് കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
കണ്ണൂർ വനിതാ സെൽ ഇൻസ്പെക്ടറായിരുന്ന പി.കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി.











