12:31pm 13 November 2025
NEWS
വിക്‌സിത് കൃഷി സങ്കൽപ് അഭിയാൻ':
കൂടുകൃഷിയും കടൽപായൽ കൃഷി സാങ്കേതികവിദ്യകളും പ്രചരിപ്പിക്കാൻ സിഎംഎഫ്ആർഐ

29/05/2025  11:51 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിക്‌സിത് കൃഷി സങ്കൽപ് അഭിയാൻ: കൂടുകൃഷിയും കടൽപായൽ കൃഷി സാങ്കേതികവിദ്യകളും പ്രചരിപ്പിക്കാൻ സിഎംഎഫ്ആർഐ
HIGHLIGHTS

മത്സ്യ കർഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരിൽ സംവദിക്കാൻ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ എല്ലാ ജില്ലകളിലും പര്യടനം നടത്തും  

കൊച്ചി: മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും കൂടുമത്സ്യ-കടൽപായൽ കൃഷിരീതികളും പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ മത്സ്യ കർഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരിട്ട് ഇടപഴകുന്ന സമ്പർക്ക പരിപാടിക്ക് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ 'വിക്‌സിത്് കൃഷി സങ്കൽപ് അഭിയാനി'ന്റെ ഭാഗമായാണ് പരിപാടി. 

മത്സ്യോൽപാദനം കൂട്ടുക, മത്സ്യത്തൊഴിലാളികൾക്കിടയിൽ ബദൽ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും. കൂടു മത്സ്യകൃഷി, സമുദ്ര അലങ്കാര മ്ത്സ്യകൃഷി, കക്ക വളർത്തൽ, മുത്തുച്ചിപ്പി വളർത്തൽ, കടൽപ്പായൽ കൃഷി, നൂതന മത്സ്യ പ്രജനന സാങ്കേതികവിദ്യകൾ, ശാസ്ത്രീയ തീരദേശ മത്സ്യകൃഷി തുടങ്ങിയ നൂതന രീതികൾ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ നേരിട്ട് കർഷകർക്ക് പരിചയപ്പെടുത്തും. മത്സ്യമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകും. 

കൃഷി സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിലൂടെ ഉൽപാദനം കൂട്ടാനാണ് ശ്രമം.  2047ഓട് കൂടി സമുദ്രകൃഷിയിലൂടെയുള്ള മത്സ്യോൽപാദനം 25 ലക്ഷമായി ഉയർത്താനാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. നിലവിൽ ഈ മേഖലയിൽ ഒന്നര ലക്ഷം ടൺ മാത്രമാണ് ഉൽപാദനം.

കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ഐസിഎആർ) സംസ്ഥാന സർക്കാറുകളുമായി സഹകരിച്ചാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന 'വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാൻ' പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 2000 ശാസ്ത്ര സംഘങ്ങൾ കാമ്പയിനിന്റെ ഭാഗമാകും.  

കേരളത്തിൽ, 36 ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സിഎംഎഫ്ആർഐയുടെ സംഘം കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തും. വിവിധ തീരദേശ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന സിഎംഎഫ്ആർഐയുടെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളും അതത് മേഖലയിലെ  കാമ്പയിനിൽ പങ്കെടുക്കും.

സാങ്കേതിക അവബോധത്തിനൊപ്പം, കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും സംഘം ചോദിച്ചറിയും. കർഷക വിഭാഗങ്ങളുടെ ആവശ്യകതക്കനുസരിച്ച് ഗവേഷണങ്ങളെ മാറ്റാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.  

വ്യാഴാഴ്ച ഒഡീഷയിലെ പുരിയിൽ ഔദ്യോഗികമായി ആരംഭിച്ച ഈ രാജ്യവ്യാപക കാംപയിനിന് നേതൃത്വം നൽകുന്നത്  കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img