
ചെന്നൈ: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ നിർണായക നാഴികക്കല്ലായി സ്‌കൈറൂട്ട് എയ്റോസ്‌പേസ് വികസിപ്പിച്ച വിക്രം–1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക തടസ്സത്തെ തുടർന്ന് ആദ്യമായി നിശ്ചയിച്ചിരുന്ന 11.30-ലെ വിക്ഷേപണം മാറ്റിവെച്ചെങ്കിലും, ഉച്ചയ്ക്ക് 12.05-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു.
വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ കൗണ്ട്ഡൗൺ സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും കൗണ്ട്ഡൗൺ ആരംഭിച്ച് വിക്ഷേപണം നടത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്‌പേസ് വികസിപ്പിച്ച വിക്രം–1, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ മഹാന്മാരായ ഡോ. വിക്രം സാരാഭായ്, സർ സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മിനിയേച്ചർ ശിൽപങ്ങളും ബഹിരാകാശത്തേക്ക് എത്തിക്കും. വിക്ഷേപണ വാഹനത്തിന്റെയും എൻജിനുകളുടെയും പേരുകളും ഇവരുടെ പേരുകളാണ്. ആകെ 14 ഘട്ടങ്ങളിലൂടെയാണ് ദൗത്യം പൂർത്തിയാകുക.
വിക്രം–1 നിരവധി പരീക്ഷണ ഉപഗ്രഹങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ഇന്ത്യൻ എർത്ത് ഒബ്‌സർവേഷൻ സ്റ്റാർട്ടപ്പായ ഗ്രാഹാ സ്‌പേസ് വികസിപ്പിച്ച 'സോളാരാസ്' നാനോ ഉപഗ്രഹം, വിക്ഷേപണത്തിനിടയിലെ നിർണായക ഫ്ലൈറ്റ് ഡാറ്റ ശേഖരിക്കാൻ സ്‌കൈറൂട്ടിന്റെ 'സ്‌കോപ്' പേലോഡ്, ബഹിരാകാശ അവശിഷ്ടങ്ങൾ സുരക്ഷിതമായി പിടിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്ന കോസ്‌മോസെർവ് സ്‌പേസിന്റെ 'എംബ്രേസ് റോബോട്ടിക് ആം', ജർമനി ആസ്ഥാനമായ ഡിക്യൂബ്ഡ് കമ്പനിയുടെ പരീക്ഷണ ഉപഗ്രഹം എന്നിവയും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഇന്ത്യയുടെ ബഹിരാകാശ രംഗം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതിന്റെ ശക്തമായ സൂചനയായാണ് വിക്രം–1ന്റെ ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.










