
മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷവും സങ്കീർണ്ണവുമാണ് കർണാടക ബിജെപിയിലെ അധികാര തർക്കം. ഒരുപക്ഷെ ഒരു പിളർപ്പിന് തന്നെ വഴി തെളിഞ്ഞേക്കാം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം നടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. എന്നാൽ വിജയേന്ദ്ര തുടരട്ടെ എന്നാണ് ദേശീയ നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങും. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ബസന ഗൗഡ പാട്ടീൽ യത് നാൽ നേതൃത്വം കൊടുക്കുന്ന വിമത ഗ്രൂപ്പ് ഒരു കാരണവശാലും വിജയേന്ദ്രയെ അംഗീകരിക്കുകയില്ല. യഡിയൂരപ്പയുമായി വിയോജിപ്പുകളുള്ള മറ്റുചില നേതാക്കൾക്കും വിജയേന്ദ്ര സ്വീകാര്യനല്ല. ഇന്നലെ വിജയേന്ദ്ര ഡൽഹിയ്ക്ക് പറന്നു. ദേശീയനേതാക്കളുമായി ചർച്ച നടത്താനാണ് യാത്രയെങ്കിലും അദ്ദേഹം പറഞ്ഞത് റെയിൽവെ സഹമന്ത്രി സോമണ്ണയുടെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനാണെന്നാണ്. യത് നാൽ, രമേഷ് ജാർക്കിഹോളി, കുമാർ ബംഗാരപ്പ എന്നിവരും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ പദവികളിലേക്ക് താനും സ്ഥാനാർത്ഥിയാണെന്നുള്ള യത് നാളിന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ വിജയേന്ദ്ര പറഞ്ഞു " അതിലെന്താണ് തെറ്റ്? ആ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അർഹതയുണ്ട്. എന്നാൽ അതുപോലെ നിരവധി പേരുണ്ട് എന്നതാണ് യാഥാർഥ്യം". അതിനിടെ മുൻമുഖ്യമന്ത്രി സദാനന്ദ ഗൗഡ ഹാവേരി എം പി യും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മായുമായി ചർച്ച നടത്തി. ഗ്രൂപ്പ് തർക്കം രൂക്ഷമാണെന്ന് ഗൗഡ സമ്മതിച്ചു. "ഞങ്ങളെ പോലുള്ള മുതിർന്ന നേതാക്കൾക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഞങ്ങൾ നിസ്സഹായകരാണ്. പാർട്ടിയിൽ അച്ചടക്കം പുനസ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് ദേശീയ നേതൃത്വമാണ്" അദ്ദേഹം വ്യക്തമാക്കി. അതിനിടെ പാർട്ടി ശക്തിപ്പെടുത്താൻ സംസ്ഥാനമൊട്ടുക്ക് പര്യടനം നടത്തുമെന്ന് ഖനിരാജാവ് ജനാർദ്ദൻ റെഡ്‌ഡിയുമായി ഇടഞ്ഞു നിൽക്കുന്ന മുൻമന്ത്രി ശ്രീരാമുലു പറഞ്ഞു
Photo Courtesy - Google











