ബി.ജെ.പി. വിമര്‍ശനം ഒളിയമ്പ്

അണ്ണാസര്‍വ്വകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ ഇടപെട്ട വിജയ് ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവര്‍ണറെ കണ്ടിരുന്നു
ചെന്നൈ : തലപതി വിജയുടെ രാഷ്ട്രീയപ്രവേശം ഡി.എം.കെ. നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ ഭയപ്പെടുത്തുന്നുവോ? തന്റെ കാലശേഷം പാര്‍ട്ടിയും ഭരണവും നിലവിലെ ഉപമുഖ്യമന്ത്രിയായ മകൻ ഉദയനിധിയെ ഏൽപ്പിക്കാനാണ് സ്റ്റാലിന്റെ നീക്കം. എന്നാൽ ഉദയനിധി കരിസ്മാറ്റിക് ആയ നേതാവല്ല. അതുകൊണ്ടുതന്നെ ജനപിന്തുണ വിജയുടെ തമിഴക വെട്രി കഴകത്തിന് ലഭിക്കാൻ സാദ്ധ്യത ഏറെയാണ്. ജയലളിതയുടെ കാലശേഷം എ.ഐ.എ.ഡി.എം.കെ. ശിഥിലമായത് വിജയുടെ സാദ്ധ്യതകൾ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്ന സ്റ്റാലിൻ വിജയെ പൂട്ടാനുള്ള പണികൾ പിൻവാതിലിൽ തുടങ്ങിയിട്ടുണ്ട് എന്നാണ് തമിഴകത്തുനിന്നും ലഭ്യമാകുന്ന വിവരം.
അണ്ണാസര്‍വ്വകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ ഇടപെട്ട വിജയ് ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവര്‍ണറെ കണ്ടിരുന്നു. ഇക്കാര്യം ഗവര്‍ണര്‍ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ജോസഫ് വിജയ് തന്നെ വന്നുകണ്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ബി.ജെ.പിയുടെ രാഷ്ട്രീയഅജണ്ടയാണെന്നും അത് തിരിച്ചറിയാനുള്ള രാഷ്ട്രീയപക്വത വിജയ്ക്കില്ലെന്നും പറഞ്ഞ് ഡി.എം.കെ. വിദ്യാര്‍ത്ഥിവിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ഇതിലൂടെ ഡി.എം.കെ. രണ്ടുകാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഒന്ന് വിജയുടെ ജാതിയും മതവും തമിഴ്നാടിനെ ഓര്‍മ്മിപ്പിക്കുക. രണ്ട് ഗവര്‍ണറെ കണ്ട വിജയ് ബി.ജെ.പി. അനുഭാവിയാണെന്നും അത് തമിഴ്നാടിന് ഭൂഷണമാകില്ലെന്നും സ്ഥാപിച്ചെടുക്കുക.
ഡി.എം.കെയുടെ രാഷ്ട്രീയനീക്കം മനസ്സിലാക്കിയിട്ടാകണം വിജയ് ഇതുവരെ പരസ്യപ്രതികരണങ്ങൾക്കൊന്നും മുതിര്‍ന്നിട്ടില്ല. ഗവര്‍ണര്‍ക്ക് വിജയ് നൽകിയ കത്തിൽ വിജയ് എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നിട്ടും അദ്ദേഹം എന്തിന് ജോസഫ് വിജയ് എന്ന് ഫേസ്ബുക്കിൽ കുറിച്ചു എന്നത് ഇപ്പോഴും അവ്യക്തമാണ്. ഇതിന് പിന്നിൽ ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ട ഉണ്ട് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
Photo Courtesy - Google











