
തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട അഭിനയിച്ച് ഈയിടെ പുറത്തുവന്ന ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയമായില്ല. ഇതിനെ തുടർന്ന് ഇപ്പോൾ രവികിരൺ കോല സംവിധാനം ചെയ്യുന്ന 'റൗഡി ജനാർദ്ദനൻ' എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ഇതിൽ കീർത്തി സുരേഷാണ് നായികയായി അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയും, കീർത്തി സുരേഷും ഇത് ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ കീഴിൽ ദിൽരാജു നിർമ്മിക്കുന്ന ഈ ചിത്രത്തിന് പുതുമുഖ സംഗീതസംവിധായകനായ ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം ഒരുക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ വിജയ്സേതുപതിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിവരികയാണെന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. അതിനായി വിജയ്സേതുപതിക്ക് 20 കോടി രൂപയോളം പ്രതിഫലം നൽകാനും തയാറാണെന്നുമുള്ള വാർത്തയുമുണ്ട്. ഇതിനു കാരണം വിജയ്‌സേതുപതിക്ക് തെലുങ്ക് സിനിമയിലും ർ മാർക്കറ്റ് ഉണ്ട് എന്നുള്ളതാണ്. മുമ്പ് വിജയ്സേതുപതി തെലുങ്ക് ചിത്രമായ 'ഉപ്പന'യിൽ വില്ലന്റെ വേഷം ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. 'ഉപ്പന'യിലെ വില്ലൻ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിനാൽ ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ വിജയ്സേതുപതി സമ്മതിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കിൽ വിജയ്സേതുപതി തെലുങ്കിൽ വില്ലനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.
Photo Courtesy - Google











