
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച ടിവികെ പ്രചാരണത്തിനായി ചെലവഴിച്ചത് 19.8 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകൾ. 233 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയ ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ പ്രധാന എതിരാളികളായ ഡിഎംകെ 197.8 കോടി രൂപയും അണ്ണാഡിഎംകെ 112.4 കോടി രൂപയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ടിവികെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വിജയ് പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലെയും പ്രചാരണത്തിനായി 40 ലക്ഷം രൂപ ചെലവഴിച്ചതായി പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ രേഖകളിൽ പറയുന്നു. ടിവികെ ട്രഷറർ പി. വെങ്കിട്ടരമണൻ തയ്യാറാക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനതല പ്രചാരണത്തിനായി മാത്രം 19.4 കോടി രൂപ ചെലവായി.
മാർച്ച് 14 മുതൽ ഏപ്രിൽ 28 വരെയുള്ള കാലയളവിൽ നാല് വിമാനക്കമ്പനികളുമായി ടിവികെ ഇടപാടുകൾ നടത്തിയതായും രേഖകളിലുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനായി മാത്രം 6.3 കോടി രൂപയാണ് ചെലവഴിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ടിവികെയുടെ ബാങ്ക് അക്കൗണ്ടിൽ 3 കോടി രൂപ ഉണ്ടായിരുന്നതായും തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സാമ്പത്തിക കണക്കുകളിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളുടെ വിശദാംശങ്ങളും പാർട്ടി സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.










