
ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ജമ്മു കശ്മീരും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തെ 305 റൺസിന് പുറത്താക്കിയതോടെ ജമ്മു കശ്മീർ 79 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ജമ്മു കശ്മീർ ആദ്യ ഇന്നിങ്സിൽ 384 റൺസാണ് നേടിയത്.
ആറ് വിക്കറ്റിന് 163 റൺസെന്ന നിലയിൽ അവസാന ദിവസം കളി ആരംഭിച്ച കേരളത്തിന്റെ പ്രതീക്ഷ കാർത്തിയും ശ്രീഹരി പ്രസാദും ചേർന്ന കൂട്ടുകെട്ടിലായിരുന്നു. ഇരുവരും ചേർന്ന് 115 റൺസ് കൂടി കൂട്ടിച്ചേർത്തു. 55 റൺസെടുത്ത കാർത്തി, അറഫാത്ത് ഖയ്യൂമിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. മറുവശത്ത് ഉറച്ചുനിന്ന ശ്രീഹരി പ്രസാദ് വാലറ്റക്കാർക്കൊപ്പം ചേർന്ന് 70 റൺസ് കൂടി കൂട്ടിച്ചേർത്തു. ഇതിൽ 51 റൺസും പിറന്നത് ശ്രീഹരിയുടെ ബാറ്റിൽ നിന്നായിരുന്നു. എന്നാൽ 94 റൺസെടുത്ത ശ്രീഹരിയെ പുറത്താക്കി ഹമ്മദ് ഫിർദൗസ് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമിട്ടു. 222 പന്തുകളിൽ 12 ബൗണ്ടറികളടക്കമാണ് ശ്രീഹരി 94 റൺസ് നേടിയത്. ദേവനാരായൺ (42), ആരോൺ അലക്സ് (41) എന്നിവരും കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കശ്മീരിന് വേണ്ടി ഹമ്മദ് ഫിർദൗസ് നാലും അറഫാത്ത് ഖയ്യൂം മൂന്നും സനിൽ സിങ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Photo Courtesy - Google










