
ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിശാൽ ജോർജിന്റെയും അർജുന്റെയും ഇന്നിങ്സുകളാണ് കേരളത്തിന് കരുത്ത് പകർന്നത്.
ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 18 റൺസെടുത്ത ദേവർഷിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വിശാൽ ജോർജും അർജുനും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 109-ൽ നിൽക്കെ 57 റൺസെടുത്ത വിശാൽ ജോർജ് പുറത്തായി. തുടർന്നെത്തിയ അഭിനവ് അക്കൗണ്ട് തുറക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന അർജുൻ, ആരോൺ അലക്സുമായി ചേർന്ന് 77 റൺസ് കൂടി കൂട്ടിച്ചേർത്തു. അർജുൻ 72-ഉം ആരോൺ അലക്സ് 49-ഉം റൺസ് നേടി പുറത്തായി. കളി നിർത്തുമ്പോൾ 11 റൺസോടെ കാർത്തിയും മൂന്ന് റൺസോടെ ശ്രീഹരി പ്രസാദുമാണ് ക്രീസിൽ. ആന്ധ്രയ്ക്ക് വേണ്ടി വിജയ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.
Photo Courtesy - Google










