08:27pm 11 May 2026
NEWS
ദളപതിയെ കാണാൻ ഇളയദളപതിയെത്തി
11/05/2026  07:23 PM IST
nila
ദളപതിയെ കാണാൻ ഇളയദളപതിയെത്തി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. ചെന്നൈയിലെ ആൾവാർപേട്ടിലുള്ള സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് വരവേറ്റത്. സൗഹൃദപൂർണമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. പൂക്കൂടയും ആലിംഗനവും നൽകി സ്റ്റാലിൻ വിജയിനെ സ്വീകരിച്ചപ്പോൾ, വിജയ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു.

ഉദയനിധി സ്റ്റാലിനും വിജയ് യെ ആലിംഗനം ചെയ്ത് പുസ്തകം സമ്മാനിച്ചു. കൂടിക്കാഴ്ചയിൽ ചർച്ചയായ വിഷയങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തിനും മുഖ്യമന്ത്രിപദത്തിലെത്തലിനും ശേഷം ഇതാദ്യമായാണ് വിജയ് എം കെ സ്റ്റാലിനെ സന്ദർശിക്കുന്നത്. കറുത്ത സ്യൂട്ടണിഞ്ഞെത്തിയ വിജയ് സ്റ്റാലിനെ കണ്ട് കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും, സ്റ്റാലിൻ തൊഴുകൈകളോടെ സ്വീകരിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റാലിൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

തമിഴ് സിനിമയിലെ ഇളയ ദളപതി തമിഴ് രാഷ്ട്രീയത്തിലെ ദളപതിയെ കാണാനെത്തിയതാണ് ഇപ്പോൾ തമിഴകത്ത് ചർച്ചയാകുന്നത്. ‘ദളപതി’ എന്ന വിളിപ്പേര് ഇന്ന് വിജയ് യുടെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമായെങ്കിലും, അതിന് മുമ്പ് ഡിഎംകെ പ്രവർത്തകർ സ്റ്റാലിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കരുണാനിധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിലെ സൈന്യാധിപൻ എന്ന അർഥത്തിലായിരുന്നു സ്റ്റാലിനെ ദളപതി എന്ന് അനുയായികൾ വിളിച്ചിരുന്നത്. 

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ഡിഎംകെയെയും സ്റ്റാലിൻ കുടുംബത്തെയും ശക്തമായി വിമർശിച്ചിരുന്നു. മുൻ ഡിഎംകെ സർക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്തിന് പത്തുലക്ഷം കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയെന്നാണ് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിജയ് ആരോപിച്ചത്. അതിന് മറുപടിയായി “ഭരണത്തിന്റെ തുടക്കത്തിൽ തന്നെ പണമില്ലെന്ന് പറയരുത്” എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

കോൺഗ്രസ്, വിസികെ, ഇടതുപാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്തത്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് ഭരണം പിടിക്കാനുള്ള നീക്കങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാത്ത എഐഎഡിഎംകെയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ ഉറച്ച് നിന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img