
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് ഭരണത്തിൽ പല പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. അതിന്റെ ഒരു ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിക്കാൻ തമിഴ്നാട് സർക്കാർ ആലോചിക്കുന്നു. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സ്കൂൾ അധ്യാപകരുടെയും, ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.രാജ്മോഹൻ ഇക്കാര്യം വ്യക്തമാക്കിയത്.
നൂറിലധികം അധ്യാപക, ജീവനക്കാർ സംഘനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നിരവധി പരാതികളും ആവശ്യങ്ങളും ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിക്കണമെന്നത് അത്തരത്തിൽ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കൻ ബിരിയാണി നൽകണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി എ.രാജ്മോഹൻ പറഞ്ഞിരിക്കുന്നത്.











