
ചെന്നൈ: തമിഴ്നാട്ടിലെ വിവാദമായ പരന്തൂർ വിമാനത്താവള പദ്ധതിയിൽ വാക്കുപാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പരന്തൂരിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന കർഷകർക്കൊപ്പമാണ് താനെന്നും വിജയ് വ്യക്തമാക്കി. “പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണ്. പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടികൾ സർക്കാർ അവസാനിപ്പിച്ചു,” വിജയ് പറഞ്ഞു.
ചെന്നൈയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിലാണ് പുതിയ വിമാനത്താവളം നിർമിക്കാൻ നേരത്തെ ഡിഎംകെ സർക്കാർ തീരുമാനിച്ചിരുന്നത്. പദ്ധതിക്കായി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നതും പാരിസ്ഥിതിക ആശങ്കകളും ഉയർന്നതോടെ കർഷകരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ചതിന് പിന്നാലെ വിജയ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസനത്തിന്റെ ഭാഗമായി വിമാനത്താവളം ആവശ്യമായിരിക്കാമെങ്കിലും കർഷകരുടെ താൽപര്യങ്ങൾ ബലികഴിച്ചുകൊണ്ടാകരുത് പദ്ധതിയെന്നായിരുന്നു വിജയ്യുടെ നിലപാട്.
2025ലാണ് പരന്തൂർ വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയത്. തുടർന്ന് നിർമാണവുമായി ബന്ധപ്പെട്ട നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയതോടെ പ്രദേശത്തെ പ്രതിഷേധം കൂടുതൽ ശക്തമായി. പദ്ധതിക്കെതിരെ കർഷകരുടെ നേതൃത്വത്തിൽ ദീർഘകാല സമരവും നടന്നു.
പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പരന്തൂർ വിമാനത്താവളത്തിനെതിരായ സമരത്തിന് നിർണായക വഴിത്തിരിവായിരിക്കുകയാണ്. കൃഷിഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നവർക്കുള്ള പ്രധാന രാഷ്ട്രീയ പിന്തുണയായാണ് വിജയ്യുടെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.











