07:58pm 08 November 2026
NEWS
‘റേസ് കാണാനാണോ നിക്ഷേപത്തിന് പോയത്?’ ലണ്ടനിൽ വിജയ്–അജിത് കൂടിക്കാഴ്ച്ച ആരാധകർ ആഘോഷിച്ചതിനു പിന്നാലെ രാഷ്ട്രീയ ബോംബ്!
14/09/2026  08:02 AM IST
nila
‘റേസ് കാണാനാണോ നിക്ഷേപത്തിന് പോയത്?’ ലണ്ടനിൽ വിജയ്–അജിത് കൂടിക്കാഴ്ച്ച ആരാധകർ ആഘോഷിച്ചതിനു പിന്നാലെ രാഷ്ട്രീയ ബോംബ്!

ലണ്ടനിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയും സൂപ്പർതാരം അജിത് കുമാറും കണ്ടുമുട്ടിയതിന്റെ ദൃശ്യങ്ങൾ ആരാധകർ ആഘോഷമാക്കുന്നതിനിടെ, കൂടിക്കാഴ്ചയെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ പോരും ശക്തമാകുന്നു. നിക്ഷേപസമാഹരണത്തിനായി ലണ്ടനിലെത്തിയ മുഖ്യമന്ത്രി അജിത്തിന്റെ കാർ റേസ് കാണാനാണ് പോയതെന്ന വിമർശനവുമായി ഡിഎംകെ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കിടെ സുഹൃത്തായ അജിത്തിനെ കാണുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി ഭരണകക്ഷിയായ ടിവികെ തിരിച്ചടിച്ചു. ഇതോടെ വിജയിന്റെ ലണ്ടൻ യാത്രയെ ചൊല്ലി ഡിഎംകെയും ടിവികെയും തമ്മിലുള്ള വാക്പോര് രൂക്ഷമായി.

തമിഴ്നാട്ടിലേക്ക് വിദേശനിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് ലണ്ടനിലെത്തിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം തമിഴ്നാട്ടിൽ ലോകോത്തര മോട്ടോർ സ്പോർട്സ് സിറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും പഠിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

അതിനിടെയാണ് ലണ്ടനിലെ സിൽവർസ്റ്റോണിൽ നടന്ന മിഷലിൻ ലേ മാൻസ് കാർ റേസിൽ അജിത് കുമാറിന്റെ ടീമിനെ കാണാൻ വിജയ് എത്തിയത്. മത്സരം കാണാനെത്തിയ വിജയ് റേസിന് പച്ചക്കൊടി വീശുകയും ചെയ്തു. പിന്നാലെ ഇരുവരും കണ്ടുമുട്ടിയപ്പോൾ അജിത് വിജയിനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു.

രാഷ്ട്രീയവും സിനിമയും ചേർന്ന ഈ കൂടിക്കാഴ്ച സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. സാധാരണയായി വിജയ്–അജിത് ആരാധകർ തമ്മിൽ ഫാൻഫൈറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും, ഇരുവരും നേരിൽ കണ്ടുമുട്ടിയതോടെ ആരാധകർ കൂടിക്കാഴ്ച ആഘോഷമാക്കി.

എന്നാൽ സംഭവം വലിയ വാർത്തയായതിന് പിന്നാലെ ഡിഎംകെ വിമർശനവുമായി രംഗത്തെത്തി. ‘‘ലണ്ടൻ യാത്ര നിക്ഷേപം കൊണ്ടുവരാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സുഹൃത്തായ അജിത്തിന്റെ കാർ റേസ് കാണാൻ പോയതാണെന്ന് എല്ലാവരും കണ്ടു’’ എന്നായിരുന്നു ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ വിമർശനം.

സംസ്ഥാനത്ത് കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപം കൊണ്ടുവരാൻ ഇത്രയും തിടുക്കം കാണിക്കേണ്ടതുണ്ടോയെന്നും ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ ചോദിച്ചു.

എന്നാൽ ഡിഎംകെയുടെ വിമർശനത്തെ ടിവികെ തള്ളി. കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് ഡിഎംകെയ്ക്ക് താൽപര്യമെന്നും മുഖ്യമന്ത്രി ഔദ്യോഗിക ദൗത്യത്തിനിടയിലും തന്റെ സുഹൃത്തിനെ കാണുന്നതിൽ തെറ്റില്ലെന്നും ടിവികെ വക്താവ് അമേരിക്കൈ വി. നാരായണൻ പ്രതികരിച്ചു.

അജിത് തമിഴ്നാട്ടിലെ സൂപ്പർതാരം മാത്രമല്ല, അന്താരാഷ്ട്ര മോട്ടോർ റേസിങ് രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അജിത്തിനെ പോലൊരു താരത്തെ മുഖ്യമന്ത്രി സന്ദർശിക്കുന്നത് ‘ബ്രാൻഡ് തമിഴ്നാടി’ന്റെ മൂല്യം ഉയർത്താൻ സഹായിക്കുമെന്നും ടിവികെ വാദിച്ചു.

മുഖ്യമന്ത്രി നയപരമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രിമാരും ഭരണസംവിധാനവും അതനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും നാരായണൻ വ്യക്തമാക്കി. ഇതോടെ ആരാധകർ ആഘോഷമാക്കിയ വിജയ്–അജിത് കൂടിക്കാഴ്ച തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടത്തിനും പുതിയ വിഷയമായി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img