കൊച്ചി : കൊച്ചി മെട്രോയിൽ അനധികൃത നിയമനങ്ങളും മെട്രോ രണ്ടാം ഘട്ട നിർമ്മാണ കരാറിൽ ഗുരുതര ക്രമക്കേടുകളും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളും വിജിലൻസ് നടത്തിയ അനേഷണത്തിൽ കണ്ടെത്തി.ഇതുസംബന്ധിച്ച് പത്ര വാർത്തകൾ വന്നിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഐ എൻ ടി യു സി നേതൃയോഗം കുറ്റപ്പെടുത്തി.യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് വി പി ജോർജ് അധ്യക്ഷത വഹിച്ചു.
നിരവധി ക്രമക്കേടുകളാണ് പിണറായി സർക്കാരിന്റെ കാലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവിടെ നടന്നത്. കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ കൊച്ചി മെട്രോയെ കൊള്ളയടിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വി പി ജോർജ് യോഗത്തിൽ ആവശ്യപ്പെട്ടു.
കൊച്ചി മെട്രോയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഒരു പ്രാഥമിക അന്വേഷണം നടത്തുകയും, നിയമനങ്ങളിലും കരാറുകളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
പൊതുജനങ്ങളുടെ നികുതിപ്പണവും വലിയ തോതിലുള്ള സർക്കാർ വിഭവങ്ങളും ഉപയോഗിച്ച് നടപ്പാക്കിയ ഈ പദ്ധതിയുടെ പ്രവർത്തനങ്ങളിലും ഭരണനിർവഹണത്തിലും പൂർണമായ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് നേതൃ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു.
വിജിലൻസ് കണ്ടെത്തിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് പൂഴ്ത്തിവെക്കാതെ പൂർണരൂപം പുറത്തുവിട്ട് കൂടുതൽ കർശനമായ അന്വേഷണങ്ങളോ തുടർനടപടികളോ ഉണ്ടാകണമെന്നും വി പി ജോർജ് വ്യക്തമാക്കി.വിപി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിന്ദു വിജയൻ ,നേതാക്കളായ അഡ്വ.അമൽ എൽദോസ് നിരവത്ത് ,രഞ്ജിത്ത് കൊച്ചു വീടൻ,അഡ്വ.ജോൺസൺ കാഞ്ഞുക്കാരൻ ,ആശ പ്രസാദ് ,അൻസ മോൾ ആളുമഠം ,ആശ എബ്രഹാം എന്നിവർ പ്രസംഗിച്ചു.









