
തിരുവനന്തപുരം: കേരള പൊലീസ് വേട്ടയാടുന്നെന്ന പരാതിയുമായി കസ്റ്റംസ്. അന്വേഷണത്തിൻറെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേരള പൊലീസ് നടത്തുന്ന പരിശോധനകളാണ് കസ്റ്റംസിന്റെ പരാതിയുടെ അടിസ്ഥാനം. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുന്നു എന്നാണ് കസ്റ്റംസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് കസ്റ്റംസ് കമ്മീഷണർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനൽകി. പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണർ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അർധ ഔദ്യോഗിക കത്ത് അയച്ചത്. കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിൻറെ ക്വാർട്ടേഴ്സിൽ വിജിലൻസ് നടത്തിയ പരിശോധനയാണ് കസ്റ്റംസിനെ ചൊടിപ്പിച്ചത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. അതേസമയം, കത്തിൽ ഇതുവരെയും സംസ്ഥാന പൊലീസ് തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിൻറെ ക്വാർട്ടേഴ്സിൽ വിജിലൻസ് റെയ്ഡ് നടന്നത്. പത്ത് വിജിലൻസ് ഉദ്യോഗസ്ഥർ രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ ക്വാർട്ടേഴ്സ് റെയ്ഡ് ചെയ്തു. ഹരിയാനയിൽ കൈത്തലിലെ സന്ദീപ് നെയിൻറെ കുടുംബ വീട്ടിലും പരിശോധന നടത്തി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥൻറെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയിട്ടും തിരിച്ചുനൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിജിലൻസ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലൻസ് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്ന് വിജിലൻസ് വ്യക്തമാക്കി.











