03:26am 08 November 2026
NEWS
വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗം: വി.പി.സജീന്ദ്രന്‍
08/04/2025  03:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗം: വി.പി.സജീന്ദ്രന്‍

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് തനിക്കെതിരായ വിജിലന്‍സ് കേസെന്ന് കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.പി.സജീന്ദ്രന്‍.

കോവിഡ് കാലത്ത് ജോലിക്ക് പോകാന്‍ കഴിയാതിരുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അരിയെത്തിച്ച് നല്‍കിയെന്നതാണ് തന്റെ എതിരാളികള്‍ വലിയ കുറ്റമായി ആരോപിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയില്‍ കോവിഡ് കാലത്ത് ജനോപകാര പ്രദമായ പ്രവര്‍ത്തനം നടത്തിയതിലെ ചിലരുടെ അസഹിഷ്ണുതയാണ് ഈ കേസിന് ആധാരം. 

കൊച്ചി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും(ബിപിസിഎല്‍) കോലഞ്ചേരിയിലെ രണ്ട് സ്വകാര്യ കമ്പനികളുമാണ് കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ പ്രധാനമായി സഹായം ചെയ്തത്. അവരുടെ സാമൂഹ്യ സുരക്ഷാ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് ഈ കമ്പനികള്‍ നേരിട്ട് കച്ചവടക്കാര്‍ക്ക് പണം കൈമാറി ഭക്ഷ്യസാധനങ്ങള്‍ വാങ്ങി തങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു. ഇതില്‍ ഒരു രൂപയുടെ സാമ്പത്തിക ഇടപാട് ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നടത്തിയിട്ടില്ല. കോവിഡ് കാലത്ത് കഷ്ടത അനുഭവിച്ച ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്ന കമ്പനികളുടെ സഹായം സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സജീന്ദ്രന്‍ വ്യക്തമാക്കി. 

കമ്പനികള്‍ വാങ്ങിനല്‍കിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ കവറുകളിലാക്കി അര്‍ഹതപ്പെട്ട പാവങ്ങളുടെ കൈകളിലെത്തിച്ചതിന്റെ പേരില്‍ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഈ വിജിലന്‍സ് കേസ്. നേരത്തെ ഒരു ഡിവൈഎഫ് ഐ നേതാവിന്റെ  സമാനമായ പരാതിയില്‍ തനിക്കെതിരായ ആരോപണം പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷിക്കുകയും കഴമ്പില്ലെന്ന് കണ്ട് കേസ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതേ പരാതിയുമായി ചില കേന്ദ്രങ്ങള്‍ മുന്നോട്ട് പോകുന്നതിന് പിന്നില്‍ വരാന്‍പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില കരുനീക്കങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാണ്. 

വാര്‍ത്തയ്ക്ക് വേണ്ടിയുള്ള നുണപ്രചരണമാണ് പരാതിയുടെ അടിസ്ഥാനമെന്ന് ജനത്തിന് ഉത്തമബോധ്യമുണ്ട്. ചെയ്യാത്ത സേവനത്തില്‍ വിവാദ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ഇനത്തില്‍ 1.72 കോടിയോളം രൂപ നല്‍കിയതില്‍ അന്വേഷിക്കാന്‍ മുട്ടിടിക്കുന്ന വിജിലന്‍സാണ് തനിക്കെതിരെ അന്വേഷണവുമായി വരുന്നത്. തന്റെ കൈകള്‍ ശുദ്ധമായതിനാല്‍ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും എന്നാല്‍ രാഷ്ട്രീയ പ്രതികാരവേട്ടയ്ക്ക് നിന്നുതരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സജീന്ദ്രന്‍ പറഞ്ഞു. നിയമസംവിധാനത്തില്‍ ഉറച്ച വിശ്വാസമുള്ളതിലാല്‍ തനിക്കെതിരായ കള്ളക്കേസിനെ നിയമപരമായി നേരിടുമെന്നും  വി.പി. സജീന്ദ്രന്‍ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img