
കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന. മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലൻസ് പരിശോധന പുരോഗമിക്കുന്നത്. വിജിലൻസിന് നൽകാനെന്ന പേരിലും എംവിഡി ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് പരിശോധന ശക്തമാക്കിയത്.
രണ്ടാഴ്ചക്ക് മുമ്പ് വാളയാർ ചെക്ക്പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധന നടത്തുകയും പിന്നാലെ കൈക്കൂലി പണം പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ വിജിലൻസ് പരിശോധന. ദിവസങ്ങൾക്ക് മുമ്പ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത എറണാകുളത്തെ മുൻ ആർടിഒ ജെയ്സണെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടിൽകൂടി വിജിലൻസ് പരിശോധന നടത്തുന്നത്.











