
ഒരുകാലത്ത് ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിലെ പ്രമുഖ സാന്നിധ്യമായിരുന്ന വിഡിയോകോണിന്റെ തകർച്ചയ്ക്ക് പിന്നാലെ പ്രമോട്ടർ വേണുഗോപാൽ നന്ദ്ലാൽ ധൂത്തിനും കനത്ത തിരിച്ചടി. 12,668.06 കോടി രൂപയുടെ വായ്പാക്കുടിശിക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വേണുഗോപാൽ ധൂത്തിനെ പാപ്പരായി പ്രഖ്യാപിച്ചു. നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സമർപ്പിച്ച ഹർജിയിൽ ഉത്തരവിറക്കിയത്.
ധൂത് മുന്നോട്ടുവച്ച വായ്പാ തിരിച്ചടവ് പദ്ധതി എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അംഗീകരിക്കാതിരുന്നതോടെയാണ് കേസ് എൻസിഎൽടിയിലെത്തിയത്. സിലിഗുഡിയിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് 36 മാസത്തിനുള്ളിൽ 600 കോടി രൂപ തിരിച്ചടയ്ക്കാമെന്നായിരുന്നു ധൂത്തിന്റെ വാഗ്ദാനം. എന്നാൽ പദ്ധതിയുടെ പ്രവർത്തനക്ഷമത, ആവശ്യമായ നിയമാനുമതികൾ, ഭാവിയിലെ വരുമാനസാധ്യത എന്നിവയിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ പദ്ധതി നിരസിച്ചു.
ധൂത്തിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി ആശിഷ് നാരായണിനെ ബാങ്ക്റപ്റ്റ്സി ട്രസ്റ്റിയായി എൻസിഎൽടി നിയമിച്ചു. സ്വന്തം പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ ഏഴു ദിവസത്തിനകം സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. വിഡിയോകോണിന്റെ വായ്പാ ബാധ്യതകളുടെ പൂർണവിവരങ്ങൾ ബാങ്കുകളിൽനിന്ന് ശേഖരിച്ച് 90 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ട്രസ്റ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ധൂത്തിന്റെ സ്വത്തുക്കൾ ഇനി ട്രസ്റ്റിയുടെ നിയന്ത്രണത്തിലായിരിക്കും. ആസ്തികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ലേലത്തിലൂടെ പണം കണ്ടെത്തി ബാങ്കുകളുടെ കുടിശിക തിരിച്ചുപിടിക്കുകയെന്നതും ട്രസ്റ്റിയുടെ ചുമതലയാണ്.
വിഡിയോകോൺ ഇൻഡസ്ട്രീസും വിഡിയോകോൺ ടെലികമ്യൂണിക്കേഷൻസും എടുത്ത വായ്പകൾക്ക് വ്യക്തിഗത ജാമ്യം നിന്നിരുന്നത് വേണുഗോപാൽ ധൂത്തായിരുന്നു. കമ്പനികൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് വ്യക്തിഗത ജാമ്യക്കാരനായ ധൂത്തിനെതിരെയും എസ്ബിഐ നിയമനടപടികളുമായി മുന്നോട്ടുപോയത്.
കടക്കെണിയിൽ തകർന്നത് ഒരു കാലത്തെ പ്രമുഖ ബ്രാൻഡ്
ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിൽ ഒരുകാലത്ത് ശക്തമായ സാന്നിധ്യമായിരുന്നു വിഡിയോകോൺ. ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളിലൂടെ ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ബ്രാൻഡ് പിന്നീട് ടെലികോം, ഓയിൽ ആൻഡ് ഗ്യാസ്, ഡി2എച്ച് മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. എന്നാൽ കടമെടുത്ത് നടത്തിയ ഈ വിപുലീകരണങ്ങൾ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറി.
2012ൽ 122 ടെലികോം ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കിയതോടെ വിഡിയോകോണിന്റെ ടെലികോം ബിസിനസിന് കനത്ത തിരിച്ചടിയേറ്റു. അതേസമയം, രാജ്യാന്തര ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവും ഇലക്ട്രോണിക്സ് വിപണിയിലെ കമ്പനിയുടെ വളർച്ചയെ ബാധിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 2017ൽ റിസർവ് ബാങ്ക് പാപ്പരത്ത നടപടികൾക്കായി തിരിച്ചറിഞ്ഞ 12 വലിയ കോർപറേറ്റ് വായ്പാ കുടിശികക്കാരുടെ പട്ടികയിലും വിഡിയോകോൺ ഇടംപിടിച്ചു. കമ്പനിയുടെ തകർച്ചയ്ക്ക് പിന്നാലെ ഇപ്പോൾ പ്രമോട്ടറും പാപ്പരത്ത നടപടികൾ നേരിടുന്നതോടെ വിഡിയോകോണിന്റെ പതനത്തിന് മറ്റൊരു അധ്യായം കൂടി എഴുതപ്പെടുകയാണ്.










