അധ്യാപകൻ വിദ്യാർത്ഥിയെ മുടിയിൽ പിടിച്ചുവലിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്വകാര്യ സ്‌കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അഹമ്മദാബാദിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) രണ്ട് സ്വകാര്യ സ്‌കൂളുകൾക്ക് നോട്ടീസ് അയച്ചത്. അഹമ്മദാബാദിലെ മാധവ് പബ്ലിക് സ്കൂളിലോ ഡിവൈൻ ഗുരുകുലത്തിലോ ആണ് സംഭവം നടന്നതെന്നാണ് സൂചന. ഇതേത്തുടർന്നാണ് സംഭവത്തിൽ ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്.
എല്ലാ വിശദാംശങ്ങളും തിരിച്ചറിഞ്ഞാൽ അധ്യാപകനെ ഉടൻ പുറത്താക്കാനും ഡിഇഒ ഉത്തരവിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം സെപ്റ്റംബർ 24ന് രാവിലെ 8 മണിയോടെയാണ് സംഭവം. അധ്യാപകൻ വിദ്യാർത്ഥിയുടെ മേശക്കരികിലേക്ക് നടന്നുവരുന്നതും ഇരിപ്പിടത്തിൽ നിന്ന് തലമുടിയിൽ പിടിച്ച് വലിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അദ്ദേഹം വിദ്യാർത്ഥിയെ ക്ലാസ് മുറിയുടെ മുൻഭാഗത്തേക്ക് വലിച്ചിഴച്ച് ബ്ലാക്ക്ബോർഡിൽ തലയിടിക്കുന്നു. ക്രൂരമായ മർദ്ദനം കണ്ട് മറ്റു വിദ്യാർത്ഥികൾ ഭയന്നിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.