വിമാനത്തിന്റെ വിൻഡ്ഷീൽഡ് തകർത്ത് പക്ഷി കോക്പിറ്റിനുള്ളിലേക്ക് വീണെങ്കിലും പൈലറ്റുമാരുടെ മനസാന്നിധ്യംകൊണ്ട് ഒഴിവായത് വൻ ദുരന്തം. ബ്രസീലിലെ ആമസോണിലെ എൻവിറയിൽ നിന്ന് എയ്‌റുനെപെയിലേക്ക് പറന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് എയ്‌റുനെപെയിലെ വിമാനത്താവളത്തിൽ ലാൻഡിംഗിനൊരുങ്ങുന്നതിനിടെ വിമാനത്തിൽ പക്ഷിയിടിച്ചത്.
ഒറ്റ എഞ്ചിൻ വിമാനത്തിൻറെ വിൻഡ്ഷീൽഡിലേക്ക് ഒരു ഭീമൻ കഴുകൻ ഇടിച്ചതിന് പിന്നാലെ വിൻഡ്ഷീൽഡ് തകർന്നു. ഇടിയുടെ ആഘാതത്തിൽ കഴുകൻ തത്സമയം തന്നെ ചത്തുപോയെങ്കിലും തകർന്നുപോയ വിൻഡ്ഷീൽഡിലൂടെ അത് കോക്പിറ്റിനുള്ളിലേക്ക് തൂങ്ങിക്കിടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോക്പിറ്റിൽ പൈലറ്റുമാർക്ക് മുന്നിലായി കാഴ്ച മറച്ച് കൊണ്ട് ചത്ത് തൂങ്ങിക്കിടക്കുന്ന കഴുകനെ വീഡിയോയിൽ കാണാം. ഒപ്പം, തകർന്ന വിൻഡ്ഷീൽഡിനിടയിലൂടെ കോക്പിറ്റിലേക്ക് ശക്തമായ കാറ്റ് അടിച്ച് കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. പൈലൻറിൻറെ മനഃസാന്നിധ്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വിമാനത്താവളത്തിന് സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് പറന്നിറങ്ങിയ കഴുകനാണ് അപകടത്തിന് കാരണമെന്ന് പൈലറ്റ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.