04:09pm 30 August 2026
NEWS
കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളിലെ മണൽ വാരി ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
30/08/2026  01:08 PM IST
nila
കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളിലെ മണൽ വാരി ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

ആലപ്പുഴ: കേരളത്തിലെ നഗരങ്ങളിൽ പതിവാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നദികളുടെ ജലസംഭരണശേഷി കുറഞ്ഞതാണ് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളിൽ നദികളിൽനിന്ന് മണൽ നീക്കം ചെയ്യാത്തതും പ്രശ്നം വഷളാക്കുന്നു. നിലവിൽ കേരളത്തിൽ ലഭിക്കുന്ന മഴ പലപ്പോഴും മുൻകാല കണക്കുകൂട്ടലുകൾക്ക് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

‘നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ മഴവെള്ളം എങ്ങോട്ട് ഒഴുകിപ്പോകും?’ എന്ന ചോദ്യവും സി.പി. രാധാകൃഷ്ണൻ ഉന്നയിച്ചു. നദികളുടെ ആഴം കൂട്ടുന്നതിനെ എതിർക്കുന്നവരോട് ഇക്കാര്യം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ കോടതികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പരിഹാരം കണ്ടെത്തണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങളെ പൂർണമായി തടയുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ‘പരിസ്ഥിതി ഭ്രാന്തന്മാർ’ ആകരുതെന്നും പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം, കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകളായി ആദിശങ്കരൻ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരെ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളാണ് സമൂഹത്തിൽ സമത്വത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു മന്നത്ത് പത്മനാഭനെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img