
തിരുവനന്തപുരം: കേരളത്തിലെ വോട്ടർമാർക്ക് മുന്നിൽ ഭരണപക്ഷത്തിന് ഇത്തവണ 'സെപ്ലിമെന്ററി' പരീക്ഷയുടെ കാലമാണോ? എൻ.ഡി.ടിവി വോട്ട് വൈബ് കേരളാ ട്രാക്കർ സർവെ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ സി.പി.എമ്മിനും എൽ.ഡി.എഫിനും കാര്യങ്ങൾ അത്ര പന്തിയല്ല. സർക്കാരിന്റെ പ്രകടനം 'വളരെ മോശം' എന്ന് വിധിയെഴുതിയത് പകുതിയിലധികം പേരാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നാണ് പ്രവചനം.
സതീശൻ ‘ഫസ്റ്റ്’ പിണറായി ‘സെക്കൻഡ്’
ക്ലാസ്സിലെ റാങ്ക് ലിസ്റ്റ് മാറിയതുപോലെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടർമാരുടെ ചോയ്‌സ്. 22.4% പേരുടെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാമതെത്തിയപ്പോൾ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ 18 ശതമാനവുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ.കെ. ശൈലജ (16.9%), രാജീവ് ചന്ദ്രശേഖർ (14.7%) എന്നിവരും ലിസ്റ്റിലുണ്ട്.
പ്രോഗ്രസ് കാർഡ് ഇങ്ങനെ:
സർക്കാരിന്റെ പ്രവർത്തനത്തെ വോട്ടർമാർ വിലയിരുത്തിയത് താഴെ പറയുന്ന രീതിയിലാണ്:
മോശവും വളരെ മോശവും: 51.9% (ഭൂരിഭാഗം പേരും ചുവപ്പൻ കാർഡ് കാണിച്ചിരിക്കുന്നു).
വളരെ മികച്ചത്: വെറും 23.8% മാത്രം.
പഠനവിഷയങ്ങൾ (പ്രധാന പ്രശ്നങ്ങൾ): സിലബസിന് പുറത്തുനിന്നുള്ള ചോദ്യമല്ല, മറിച്ച് വിലക്കയറ്റം (22.7%), അഴിമതി (18.4%) എന്നിവയാണ് ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുന്നത്.
യു.ഡി.എഫിന് തരംഗം, പക്ഷേ ‘തമ്മിലടി’ മാറണം
മുന്നണി സാധ്യതകളിൽ 32.7% പേർ യു.ഡി.എഫിനൊപ്പമാണ്. എന്നാൽ കോൺഗ്രസിനുള്ളിലെ പ്രധാന വില്ലൻ അവരുടെ പഴയ സ്വഭാവമായ 'തമ്മിലടി' (42.2%) തന്നെയാണെന്ന് സർവെ ഓർമ്മിപ്പിക്കുന്നു. എൻ.ഡി.എ 19.8% വോട്ടുമായി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നുണ്ട്.
ചുരുക്കത്തിൽ, ജനങ്ങളുടെ ഈ വിലയിരുത്തൽ അനുസരിച്ച് ഭരണപക്ഷം അവരുടെ 'ഹോം വർക്കുകൾ' കൃത്യമായി ചെയ്തില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പണി പാളുമെന്നുറപ്പ്!











