
ന്യൂഡൽഹി: സമാധാനാന്തരീക്ഷം നിലനിർത്താൻ ബോണ്ട് നൽകണമെന്ന നോട്ടീസിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് രണ്ടര മണിക്കൂറിലധികം നീണ്ട വാദത്തിന് ശേഷം ഇന്ന് വൈകീട്ട് 6 മണിക്ക് വിധി പ്രസ്താവിക്കുന്നത്.
ഒക്ടോബർ 16-ന് നടന്ന 'ലേഹ്രാ ദോ തിരംഗ' പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് നേഹ ബോറയ്ക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മഗ്ജിസ്ട്രേറ്റ് നോട്ടീസ് നൽകിയത്. ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS) സെക്ഷൻ 126, 130 എന്നിവ പ്രകാരമാണ് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ആൾജാമ്യവും നൽകാൻ ആവശ്യപ്പെട്ടത്.
കോടതിയിലെ പ്രധാന വാദങ്ങൾ:
പെറ്റീഷണറുടെ വാദം (അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ): "ഒരു ജനാധിപത്യ രാജ്യത്ത് ഭരണമാറ്റം (Regime Change) ആവശ്യപ്പെടുന്നതിൽ യാതൊരു തെറ്റുമില്ല." സമാധാനാന്തരീക്ഷം തകർക്കുമെന്നതിന് യാതൊരു തെളിവും നോട്ടീസ് വ്യക്തമാക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സർക്കാരിന്റെ വാദം (അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ): വോട്ടിലൂടെയാണ് ഭരണമാറ്റം വരേണ്ടത് അല്ലാതെ ഡെൽഹിയുടെ അന്തരീക്ഷം തകർക്കുന്ന പ്രക്ഷോഭങ്ങളിലൂടെയല്ല എന്ന് സർക്കാരിന് വേണ്ടി ഹാജരായ എ.എസ്.ജി വാദിച്ചു.
ഒക്ടോബർ 16-ന് മണ്ഡി ഹൗസിൽ സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും, എന്നാൽ അന്യായമായി കസ്റ്റഡിയിലെടുത്ത് രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചുവെന്നുമാണ് നേഹ ബോറയുടെ ഹർജിയിലെ ആരോപണം.










