
പതിമൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ശുക്രൻ വീണ്ടും സ്വക്ഷേത്രമായ തുലാം രാശിയിൽ പ്രവേശിക്കുന്നു. സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 1.46നാണ് ശുക്രൻ തുലാം രാശിയിലെത്തുന്നത്. നവംബർ 6 വരെ ശുക്രൻ തുലാം രാശിയിൽ തുടരും. ജ്യോതിഷപ്രകാരം ഈ മാറ്റം ചില രാശിക്കാർക്ക് തൊഴിൽ, സാമ്പത്തികം, കുടുംബം തുടങ്ങിയ മേഖലകളിൽ അനുകൂല ഫലങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.
ശുക്രന്റെ ആധിപത്യമുള്ള ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർക്കും തുലാക്കൂറിലെ ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്കും ഈ രാശിമാറ്റം ഏറെ ഗുണകരമാകുമെന്നാണ് ജ്യോതിഷഫലം. കുംഭക്കൂറിലെ അവിട്ടം, ചതയം, പൂരുരുട്ടാതി, മിഥുനക്കൂറിലെ മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർക്കും അനുകൂലകാലമായിരിക്കും.
തൊഴിൽ രംഗത്ത് പുരോഗതി, ഭൂമി-ഭവന നേട്ടം, വാഹനലാഭം, സന്താനങ്ങളിലൂടെ സന്തോഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സാമ്പത്തിക പ്രതിസന്ധികൾക്ക് അയവുണ്ടാകുകയും കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യാം. മാനസിക സമ്മർദങ്ങൾ കുറയാനും നിയമപരമായ കാര്യങ്ങളിൽ വിജയം നേടാനും സാധ്യതയുണ്ട്.
അതേസമയം മീനക്കൂറിലെ ഉത്രട്ടാതി, രേവതി, വൃശ്ചികക്കൂറിലെ അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് ശുക്രന്റെ മാറ്റം അത്ര അനുകൂലമാകില്ലെന്നാണ് ജ്യോതിഷ വിലയിരുത്തൽ. ശുക്രന്റെ രാശിമാറ്റത്തിന്റെ ഗുണഫലങ്ങൾക്കായി മഹാഗണപതിയെയും മഹാലക്ഷ്മിയെയും പ്രാർഥിക്കുന്നത് ഉത്തമമാണെന്നും ജ്യോതിഷികൾ പറയുന്നു.
ഓരോ കൂറിലെയും ഫലങ്ങൾ
മേടക്കൂർ – അശ്വതി, ഭരണി, കാർത്തിക 1/4
ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കർമരംഗത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കാം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. അധികാരകേന്ദ്രങ്ങളിലെ മത്സരങ്ങൾ മറികടക്കാൻ കഴിയും. കുടുംബത്തിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകും. സാങ്കേതിക മേഖലയിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വാഹനമെന്ന ആഗ്രഹം സഫലമാകാം. മത്സരപ്പരീക്ഷകളിലും വ്യവഹാരങ്ങളിലും വിജയം നേടാൻ സാധ്യത.
ഇടവക്കൂർ – കാർത്തിക 3/4, രോഹിണി, മകയിരം 1/2
നിലനിന്നിരുന്ന വിഷമതകൾക്ക് വലിയ ആശ്വാസം ലഭിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങളും ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധവും ഉണ്ടാകും. യാത്രകൾ വഴി നേട്ടമുണ്ടാകാം. ആരോഗ്യപ്രശ്നങ്ങൾ കുറയും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനാകും. പൈതൃകസ്വത്ത് ലഭിക്കാനും ഭവനനവീകരണത്തിന് പണം ചെലവഴിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ആശ്വാസം ലഭിക്കും.
മിഥുനക്കൂർ – മകയിരം 1/2, തിരുവാതിര, പുണർതം 3/4
തൊഴിൽരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസിക വിഷമതകൾ മാറും. ഭൂമി വാങ്ങാനും ഗൃഹനിർമാണം ആരംഭിക്കാനും അവസരമുണ്ടാകും. നിർമാണം ആരംഭിച്ചവർക്ക് അത് പൂർത്തിയാക്കാനും സാധിക്കും. കടം നൽകിയ പണം തിരികെ ലഭിക്കാം. ഉദ്യോഗാർഥികൾക്ക് അനുകൂല സമയമാണ്. ഉപരിപഠനത്തിനുള്ള അവസരങ്ങൾ ലഭിക്കാനും അപ്രതീക്ഷിത ധനലാഭം ഉണ്ടാകാനും സാധ്യത.
കർക്കടകക്കൂർ – പുണർതം 1/4, പൂയം, ആയില്യം
ഔദ്യോഗികരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകൾ മാറും. ഓഹരി, ഊഹക്കച്ചവടം തുടങ്ങിയ മേഖലകളിൽ നിന്ന് നേട്ടമുണ്ടാകാമെന്നാണ് ജ്യോതിഷഫലം. സാമൂഹിക പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകാനും വിവാഹാലോചനകൾ അനുകൂലമായി മാറാനും സാധ്യതയുണ്ട്.
ചിങ്ങക്കൂർ – മകം, പൂരം, ഉത്രം 1/4
ആരോഗ്യത്തിൽ ശ്രദ്ധ വേണം. കോടതി വ്യവഹാരങ്ങളിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. പൊതുപ്രവർത്തനരംഗത്ത് നേട്ടമുണ്ടാകാം. തൊഴിൽരംഗത്ത് ചില പ്രതിസന്ധികൾ നേരിടാം. വിവാഹാലോചനകൾക്ക് താമസം നേരിടാൻ സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതകളും കുടുംബത്തിലെ ചെറിയ അസ്വസ്ഥതകളും ഉണ്ടാകാം. വാഹനം, ഭവനം എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി ചെലവ് വരാം.
കന്നിക്കൂർ – ഉത്രം 3/4, അത്തം, ചിത്തിര 1/2
ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കലാരംഗത്തുള്ളവർക്ക് പ്രശസ്തി നേടാം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലകാലം. മികച്ച സ്ഥാപനത്തിൽ നിന്ന് ജോലി ഓഫർ ലഭിക്കാനും ക്യാംപസ് ഇന്റർവ്യൂ വഴി അവസരം നേടാനും സാധ്യത. വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറാം. വസ്തുതർക്കങ്ങൾ പരിഹരിക്കപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനും പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനും സാധ്യതയുണ്ട്.
തുലാക്കൂർ – ചിത്തിര 1/2, ചോതി, വിശാഖം 3/4
ആഗ്രഹങ്ങൾ സഫലമാകുന്ന കാലം. പ്രഫഷണൽ കോഴ്‌സുകളിൽ മികച്ച വിജയം നേടാം. തൊഴിൽരംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ നേട്ടമുണ്ടാകാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും സന്താനങ്ങളിലൂടെ മനഃസന്തോഷം നേടാനും സാധ്യത. വിവാഹത്തിനുണ്ടായിരുന്ന തടസ്സങ്ങളും മാറാം.
വൃശ്ചികക്കൂർ – വിശാഖം 1/4, അനിഴം, തൃക്കേട്ട
സന്താനങ്ങളെച്ചൊല്ലി മനോവിഷമം ഉണ്ടാകാം. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് മാനഹാനി നേരിടാൻ സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും മേലധികാരികളിൽ നിന്നുള്ള പ്രതികൂല നടപടികളും ഉണ്ടാകാം. ആഡംബര വസ്തുക്കൾക്കായി അധിക ചെലവുണ്ടാകാം. ആഗ്രഹിച്ച ജോലിയിൽ നിയമനതടസ്സം നേരിടാനും സാധ്യതയുണ്ട്. അതേസമയം മാതൃസ്വത്തിന്റെ വിഹിതം ലഭിക്കാം.
ധനുക്കൂർ – മൂലം, പൂരാടം, ഉത്രാടം 1/4
വിദേശ തൊഴിൽ വഴി നേട്ടമുണ്ടാകാം. മനസ്സിനിണങ്ങിയ വീട് സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. സേനാവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാം. വ്യാപാരം അഭിവൃദ്ധിപ്പെടും. വിവാഹാലോചനകളിൽ അനുകൂല തീരുമാനമുണ്ടാകും. കോടതിക്കേസുകളിൽ വിജയം നേടാനും സാമ്പത്തികമായി മുന്നേറാനും സാധ്യത. പ്രണയബന്ധങ്ങളിലും അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിക്കാം.
മകരക്കൂർ – ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
സാമ്പത്തികനിലയിൽ അപ്രതീക്ഷിത പുരോഗതി ഉണ്ടാകാം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കും. ശാരീരിക അസ്വസ്ഥതകൾ കുറയും. വിദേശ തൊഴിൽരംഗത്ത് നേട്ടമുണ്ടാകും. ഭവനനവീകരണം, പുതിയ വാഹനം വാങ്ങൽ, ഗൃഹനിർമാണം പൂർത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് സാധ്യത. പണമിടപാടുകളിൽ നേട്ടമുണ്ടാകാം. പതിവിലധികം യാത്രകൾ വേണ്ടിവരും.
കുംഭക്കൂർ – അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
സാമ്പത്തികമായി ചില വെല്ലുവിളികൾ നേരിടേണ്ടിവരാം. എന്നാൽ ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദ്യാർഥികൾക്ക് കഴിവ് തെളിയിക്കാൻ അവസരങ്ങൾ ലഭിക്കും. വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കാം. യാത്രകൾ വഴി നേട്ടമുണ്ടാകും. സേനാവിഭാഗങ്ങളിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിവാഹാലോചനകളിൽ അനുകൂല ബന്ധം ലഭിക്കാനും ദാമ്പത്യത്തിലെ അസ്വസ്ഥതകൾ മാറാനും സാധ്യത.
മീനക്കൂർ – പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി
മാനസിക സംഘർഷം അനുഭവപ്പെടാം. സ്വന്തം പ്രവൃത്തികൾ തന്നെ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. കടബാധ്യതകൾ തീർക്കാൻ സാധിച്ചേക്കും. എന്നാൽ പണമിടപാടുകളിൽ ജാഗ്രതക്കുറവ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. കുടുംബബന്ധങ്ങളിൽ ചെറിയ പ്രശ്നങ്ങളും സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ആരോഗ്യകാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.










