
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് തന്നെയാണ് പ്രതി അഫാൻ ആവർത്തിക്കുന്നത്. എന്നാൽ, ബന്ധുക്കളെയും സഹോദരനെയും കാമുകിയേയും കൊലപ്പെടുത്തിയതിന് ഇയാൾ കാരണമായി പറയുന്നത് മറ്റൊന്നാണ്. തന്റെ ആക്രമണത്തിൽ ഉമ്മ മരിച്ചെന്നാണ് താൻ കരുതിയതെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെയാണ് സ്ഥിരമായി ആക്ഷേപിച്ചിരുന്ന ബന്ധുക്കളെ കൊലപ്പെടുത്തിയതെന്നും പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അഫാൻ. കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയത്. സ്ഥിരമായി ആക്ഷേപിച്ചിരുന്നതിനാലാണ് ബന്ധുക്കളെ കൊലപ്പെടുത്തിയതെന്നും താനും മരിക്കുമെന്നുമാണ് പ്രതി ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അഫാനും കുടുംബത്തിനും വൻ സാമ്പത്തിക ബാധ്യതയുണ്ടെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. അഫാനും അമ്മയ്ക്കും ഏതാണ്ട് 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇവർക്കു പണം കൊടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആർഭാട ജീവിതമാകാം കടത്തിനു കാരണമെന്നാണു കരുതുന്നത്.
അതേസമയം, ജയിലിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്ന അഫാനെ ഉടൻ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങില്ലെന്നാണു സൂചന. ഇന്ന് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജയിലിൽ അഫാന്റെ മാനസികാരോഗ്യ നില നിരീക്ഷിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. അഫാനെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി സംബന്ധിച്ചും എന്താണ് കടത്തിനു കാരണമെന്നും വ്യക്തമാകുകയുള്ളു.










