
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി. ഇന്നു രാവിലെ 7.55-ഓടെയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. റഹീമിന്റെ ഉമ്മയും ഇളയ മകനും പ്രിയപ്പെട്ട സഹോദരനും സഹോദരന്റെ ഭാര്യയും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. കൊലയാളി സ്വന്തം മകനും. ഭാര്യ മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലും. സമാനതകളില്ലാത്ത ദുരന്തത്തെ അഭിമുഖീകരിച്ചാണ് ഈ മനുഷ്യൻ മടങ്ങിയെത്തിയിരിക്കുന്നത്.
റിയാദിൽ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ടമായി. കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് പോയത്. അവിടെ ഒരു കടയിൽ ജോലി ചെയ്ത് ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിക്കുന്നത്. വ്യാഴാഴ്ച 12.15-നായിരുന്നു റഹിം ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.











