
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പ്രതി അഫാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കടംവാങ്ങിയ പണം കൊണ്ട്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നാണ് ഇയാൾ പണം കടം വാങ്ങിയത്. ഉച്ചക്ക് ശേഷം പണയ സ്വർണം നൽകാമെന്ന വാക്കിലാണ് പണം വാങ്ങിയത്. പിന്നീട് ഈ പണം ഉപയോഗിച്ച് ചുറ്റിക വാങ്ങുകയും ഇതേ ചുറ്റിക കൊണ്ട് മുത്തശ്ശി സൽമാബീവിയെ ആദ്യം കൊലപ്പെടുത്തിയ ശേഷം അവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയെടുത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നൽകുകയുമായിരുന്നു.
അഞ്ചുപേരെയും ഒരേ ചുറ്റിക ഉപയോഗിച്ചാണ് അഫാൻ കൊലപ്പെടുത്തിയത്. സൽമാബീവിയെ കൊലപ്പെടുത്തിയതിന് ശേഷം പുല്ലമ്പാറ എസ്എൻ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും ഇതേ ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചു കൊന്നത്. കാമുകി ഫർസാനയുടെ മുഖം അടിച്ചുതകർത്തു തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. നെറ്റിയിൽ, മൂക്കിനു മുകളിലായി ആഴത്തിൽ മുറിവേറ്റിരുന്നു. ഫർസാനയ്ക്കും അനുജൻ അഫ്സാനും ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തി നൽകിയ ശേഷമാണോ കൊലപ്പെടുത്തിയതെന്ന സംശയവുമുണ്ട്.
ഇരുപത്തിമൂന്നുകാരനായ അഫാൻ ക്രൂരമായ നിലയിൽ ഇത്രയും കൊലപാതകങ്ങൾ നടത്തിയതിന് പിന്നിലെ കാരണമാണ് പൊലീസ് തേടുന്നത്. പ്രണയത്തെ എതിർത്തെന്നും സാമ്പത്തിക പ്രതിസന്ധിയെന്നുമെല്ലാം പ്രതി പറയുന്നുണ്ടെങ്കിലും അതിനുമപ്പുറം എന്തെങ്കിലും പ്രകോപനമുണ്ടോ എന്നതാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം.










