
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ കാമുകി ഫർസാനയെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി പ്രതി അഫാൻ. പണയം വെക്കാൻ ഫർസാന ഒരു മാല നൽകിയിരുന്നെന്നും സാമ്പത്തിക പ്രതിസന്ധിയിൽ താൻ നട്ടംതിരിയുന്നതിനിടെ ഇത് തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചത് പകയായെന്നും അഫാൻ പറഞ്ഞു. ഇതോടെയാണ് ഫർസാനയേയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിഞ്ഞതോടെയാണ് ഫർസാന തന്റെ സ്വർണമാല അഫാന് പണയംവെക്കാൻ നൽകിയത്. എന്നാൽ, മാല നഷ്ടമായ വിവരം യുവതിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ അന്വേഷണമായി. വീട്ടിൽ പ്രശ്നമായതോടെയാണ് യുവതി മാല തിരികെ ചോദിച്ചത്. ഒടുവിൽ യുവതിയുടെ നിരന്തര സമ്മർദ്ദം സഹിക്കാനാകാതെ പിതാവിന്റെ കാർ ആറ്റിങ്ങലിലെ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ച പണം ഉപയോഗിച്ച് അഫാൻ സ്വർണമാല തിരികെ നൽകി. എങ്കിലും അഫാന്റെയുള്ളിൽ പക അടങ്ങിയില്ല.
അമ്മയ്ക്കു അസുഖം കൂടുതലാണെന്നു കള്ളം പറഞ്ഞാണ് ഫർഹാനയെ പ്രതി വീട്ടിലെത്തിച്ചത്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്നും പറഞ്ഞതിനാൽ വീട്ടിലേക്കു വരണമെന്നും താൻ ഫർസാനയെ അറിയിച്ചതായി അഫാൻ പൊലീസിനു മൊഴി നൽകി. നടന്ന് കാവറ റോഡിലെത്തിയ ഫർസാനയെ ബൈക്കിൽ കാത്തുനിന്ന അഫാൻ വീട്ടിലെത്തിച്ചു. പൂട്ടിയ ഗേറ്റ് തുറക്കാൻ നോക്കിയപ്പോൾ കയ്യിലെ താക്കോൽ നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്ന്, മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് ഇഷ്ടിക അടുക്കിവച്ച് അതിൽ ചവിട്ടി ഇരുവരും മതിൽ ചാടിക്കടക്കുകയായിരുന്നു.
വീടിനുള്ളിലെത്തിയ ശേഷമാണ് ഫർഹാനയോട് ഇയാൾ കൂട്ടക്കൊലയെ കുറിച്ച് പറഞ്ഞത്. എല്ലാം കേട്ട് കരഞ്ഞിരുന്ന യുവതിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീട്ടിൽ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചതായി പൊലീസ് കണ്ടെത്തി. പേരുമലയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ താക്കോൽ കണ്ടെടുത്തു.
ഷാൾ ഉപയോഗിച്ച് അമ്മയെ ഭിത്തിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് അഫാൻ ആദ്യം ശ്രമിച്ചത്. രക്തംവാർന്ന നിലയിൽ അമ്മയെ മുറിയിലിട്ട ശേഷം ഇയാൾ മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിയ അഫാൻ മുറിയിൽ നിന്ന് അമ്മയുടെ ഞെരക്കം കേട്ടതോടെ വീണ്ടും ആക്രമിക്കുകയായിരുന്നു എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.











