
വെഞ്ഞാറമൂട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ 22-കാരൻ സഞ്ജനാണ് പിടിയിലായത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
അമ്മയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പ്രായപൂർത്തിയായിട്ടില്ലെന്നും താൻ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടും ഇയാൾ ആശയവിനിമയം തുടർന്നതായി പോലീസ് പറയുന്നു. പിന്നീട് ഫോൺ നമ്പർ കൈമാറി സ്ഥിരമായി സംസാരിച്ച ശേഷം വീടിന് സമീപമെത്തി ബൈക്കിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിലാണ് വിദ്യാർഥിനി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം അധ്യാപകരോട് വെളിപ്പെടുത്തിയത്. ഇതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് കേസെടുത്ത വെഞ്ഞാറമൂട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.









