09:09am 29 October 2026
NEWS
മഡുറോ ന്യൂയോർക്കിൽ തടവിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും; അമേരിക്കൻ സൈന്യം പിടികൂടിയ മഡുറോയുടെ ഭാര്യ സീലിയ എവിടെയെന്ന് ആർക്കും അറിയില്ല


05/01/2026  06:58 AM IST
nila
മഡുറോ ന്യൂയോർക്കിൽ തടവിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും; അമേരിക്കൻ സൈന്യം പിടികൂടിയ മഡുറോയുടെ ഭാര്യ സീലിയ എവിടെയെന്ന് ആർക്കും അറിയില്ല

ന്യൂയോർക്ക്/കാരക്കാസ്: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലെ ഫെഡറൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. മഡുറോയെ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. 2020-ൽ രജിസ്റ്റർ ചെയ്ത ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മഡുറോ അമേരിക്കയിൽ നിയമനടപടികൾ നേരിടുന്നത്. 

ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കിടയിൽ കൈവിലങ്ങണിഞ്ഞ് നടന്നു നീങ്ങുന്ന മഡുറോയുടെ ചിത്രം വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെ മഡുറോയെ വഹിച്ചു കൊണ്ടുള്ള സൈനിക വിമാനം ന്യൂയോർക്ക് സിറ്റിക്ക് സമീപം ഇറങ്ങി. തുടർന്ന് ഹെലികോപ്റ്ററിലൂടെയാണ് ബ്രൂക്‌ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയത്.

ഇതിനിടെ, വെനസ്വേലയുടെ എണ്ണവ്യാപാരം ഇനി യുഎസ് എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്നും ഇടക്കാല സർക്കാർ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, മഡുറോയാണ് വെനസ്വേലയിലെ നിയമപരമായ പ്രസിഡന്റ് എന്ന നിലപാട് ആവർത്തിച്ച് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗോ രംഗത്തെത്തി. സാമ്രാജ്യത്വ ശക്തികളുടെ എണ്ണക്കവർച്ചയുടെ ഭാഗമായാണ് മഡുറോയെ തട്ടിക്കൊണ്ടുപോയതെന്ന് വെനസ്വേല സർക്കാർ ആരോപിച്ചു. “ഇനിയൊരിക്കലും ഞങ്ങൾ ഏതെങ്കിലും സാമ്രാജ്യത്തിന്റെ കോളനിയാകില്ല,” ഡെൽസി വ്യക്തമാക്കി. അതേസമയം, ഞായറാഴ്ച വെനസ്വേലയുടെ നഗരങ്ങളിൽ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. യുഎസ് വെനസ്വേലയെ എങ്ങനെ ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

യുഎസ് നടപടിക്കെതിരെ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരാൻ സാധ്യതയുണ്ട്. 1990-ൽ യുഎസ് സേന പിടികൂടിയ പാനമയുടെ സൈനിക ഭരണാധികാരി ജനറൽ മാനുവൽ നോറിയേഗ യുഎസിൽ 20 വർഷവും പിന്നീട് ഫ്രാൻസിൽ ഏഴ് വർഷവും ജയിലിൽ കഴിഞ്ഞ സംഭവവുമായി ചിലർ ഇപ്പോഴത്തെ സാഹചര്യം താരതമ്യം ചെയ്യുന്നു.

കൈവിലങ്ങോടെ പുഞ്ചിരി; ‘ഹാപ്പി ന്യൂ ഇയർ’ ആശംസ

ന്യൂയോർക്ക്: കൈവിലങ്ങണിഞ്ഞ് തലയുയർത്തി പുഞ്ചിരിയോടെ യുഎസ് ഉദ്യോഗസ്ഥർക്കു ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ച് നടന്നു നീങ്ങുന്ന നിക്കോളാസ് മഡുറോയുടെ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ശനിയാഴ്ച വൈകിട്ട് മഡുറോയെ DEA ഓഫീസിൽ എത്തിച്ചപ്പോഴുള്ളതാണ് ഈ ദൃശ്യങ്ങൾ.

കാരക്കാസിലെ സൈനികത്താവളത്തിലെ വസതിയിൽ നിന്നാണ് പുലർച്ചെ രണ്ടുമണിയോടെ മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടിയത്. എന്നാൽ പുറത്തുവിട്ട ചിത്രങ്ങളിലോ വിഡിയോകളിലോ സീലിയ ഫ്ലോറസിനെ കാണുന്നില്ല. സീലിയയ്ക്കെതിരെയും യുഎസിൽ ലഹരിക്കടത്ത് കേസ് നിലവിലുണ്ട്.

ന്യൂയോർക്ക് സിറ്റിക്ക് പുറത്തുള്ള ചെറിയ വിമാനത്താവളത്തിൽ സൈനിക വിമാനം ഇറങ്ങിയ ശേഷം മഡുറോയെ മൻഹാറ്റനിലേക്ക് കൊണ്ടുപോയി. തുടർന്ന് കവചിത വാഹനത്തിലാണ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img