04:55pm 25 June 2026
NEWS
നിങ്ങളുടെ ഫോണിന് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകുമോ? വെനസ്വേലയിൽ ഭൂചലനത്തിന് മുമ്പ് ഗൂഗിൾ അലർട്ട് !
25/06/2026  03:51 PM IST
nila
നിങ്ങളുടെ ഫോണിന് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകുമോ? വെനസ്വേലയിൽ ഭൂചലനത്തിന് മുമ്പ് ഗൂഗിൾ അലർട്ട് !

നിങ്ങളുടെ ഫോണിന് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകുമോ? ഈ ചോദ്യമാണ് ഇപ്പോൾ ലോകമെമ്പാടും ഉയരുന്നത്. ഇതിനു കാരണമാകട്ടെ വെനസ്വേലയിലെ ഭൂചലനത്തിന് മുമ്പ് ​ഫോണുകളിലൂടെ ഗൂ​ഗിൾ നൽകിയ മുന്നറിയിപ്പും. വെനസ്വേലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെടുന്നതിന് ഏതാനും സെക്കൻഡുകൾ മുമ്പ് ലക്ഷക്കണക്കിന് ആളുകളുടെ ആൻഡ്രോയിഡ് ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം എത്തി. ഭൂമി കുലുങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഈ അലർട്ട്, പ്രകൃതി ദുരന്തങ്ങൾക്കിടെ സാങ്കേതികവിദ്യയ്ക്ക് മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന ചർച്ചയ്ക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്.

വിദഗ്ധരുടെ അഭിപ്രായത്തിൽ അതിന് ഉത്തരം ‘അതെ’ എന്നു തന്നെയാണ്. എന്നാൽ, ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഗൂഗിൾ ഭൂചലനം മുൻകൂട്ടി പ്രവചിച്ചതല്ല; മറിച്ച് ഭൂചലനത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്തി അപകട മേഖലകളിലുള്ളവരെ അതിവേഗം അറിയിക്കുകയായിരുന്നു.

 ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഭൂചലന മുന്നറിയിപ്പ് സംവിധാനം ഭൂചലനത്തിന്റെ പ്രാരംഭ ചലനങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ കുലുക്കം എത്തുന്നതിന് മുമ്പ് സമീപ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് അയച്ചു എന്നാണ് റിപ്പോർട്ട്. ചെറുതായെങ്കിലും ഭൂചലന ചലനങ്ങൾ കണ്ടെത്താൻ കഴിയുന്ന മോഷൻ സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്ന കോടിക്കണക്കിന് ആൻഡ്രോയിഡ് ഫോണുകളെ ആശ്രയിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഗൂഗിൾ ഭൂചലനം പ്രവചിച്ചിട്ടില്ല. ഭൂചലനത്തിന്റെ തുടക്ക സൂചനകൾ തിരിച്ചറിഞ്ഞ് ശക്തമായ കുലുക്കം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുകയാണ് ചെയ്തത്. ഭൂചലന മുന്നറിയിപ്പ് സാങ്കേതികവിദ്യ എത്രത്തോളം പുരോഗമിച്ചുവെന്ന് ഇത് തെളിയിക്കുന്നു എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഭൂചലന സമയത്ത് ആദ്യം സഞ്ചരിക്കുന്ന പി-വേവ് എന്ന പ്രാഥമിക തരംഗങ്ങൾ, പിന്നീട് എത്തുന്ന കൂടുതൽ നാശം വിതയ്ക്കുന്ന എസ്-വേവ് നെക്കാൾ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലെ ആക്സിലറോമീറ്ററുകൾ ഈ പി-വേവുകൾ തിരിച്ചറിയുന്നു. ഒരേ മാതൃകയിലുള്ള ചലനങ്ങൾ നിരവധി ഫോണുകളിൽ ഒരേസമയം കണ്ടെത്തുമ്പോൾ, ഗൂഗിളിന്റെ അൽഗോരിതങ്ങൾ ഭൂചലനത്തിന്റെ സ്ഥാനം, തീവ്രത എന്നിവ കണക്കാക്കി സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ലഭിക്കുന്ന മുന്നറിയിപ്പ് സമയം ചിലപ്പോൾ ഏതാനും സെക്കൻഡുകൾ മാത്രമായിരിക്കാം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ഈ ചെറിയ സമയം പോലും ജീവൻ രക്ഷിക്കാൻ നിർണായകമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭൂചലനം മാത്രമല്ല, മറ്റ് ദുരന്തങ്ങൾക്കും സഹായകമാകും

ഭൂചലനങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നാണ് വിദ്​ഗധർ വ്യക്തമാക്കുന്നത്. എന്നാൽ അവ ആരംഭിക്കുന്ന നിമിഷം തന്നെ കണ്ടെത്തി അതിവേഗം ജനങ്ങളിലേക്ക് വിവരം എത്തിക്കാൻ സാങ്കേതികവിദ്യക്ക് കഴിയും. ഇത് പരിക്കുകളും മരണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഗരവൽക്കരണവും അടിസ്ഥാനസൗകര്യ വികസനവും വർധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കുള്ള നിക്ഷേപം കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്നും സാങ്കേതിക വിദ​ഗ്ധർ വ്യക്തമാക്കുന്നു. 

സ്മാർട്ട്ഫോണുകളുടെ വ്യാപക ഉപയോഗം അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങളിലേക്ക് സുരക്ഷാ സന്ദേശങ്ങൾ നേരിട്ട് എത്തിക്കാൻ ശക്തമായ മാർഗമാണെന്ന് വെനസ്വേലയിലെ ഭൂകമ്പ മുന്നറിയിപ്പ് തെളിയിച്ചിരിക്കുകയാണ്. 

ദുരന്തനിവാരണത്തിൽ സാങ്കേതികവിദ്യയുടെ പുതിയ അധ്യായം

വെനസ്വേലയിലെ മുന്നറിയിപ്പ് സംവിധാനം ദുരന്തനിവാരണ രംഗത്ത് നടക്കുന്ന വലിയ മാറ്റത്തിന്റെ സൂചന കൂടിയാണ്. പരമ്പരാഗത നിരീക്ഷണ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുന്നതിനു പകരം, ബന്ധിപ്പിച്ച ഉപകരണങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, തത്സമയ ഡാറ്റാ ശൃംഖലകൾ എന്നിവ ഉപയോഗിച്ച് പ്രതികരണ സമയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്.

ഭൂചലനങ്ങളെ തടയാൻ ഒരു സംവിധാനത്തിനും കഴിയില്ല. എന്നാൽ അപകടം സംഭവിക്കുന്നതിന് മുമ്പ് ഏതാനും സെക്കൻഡുകളുടെ മുന്നറിയിപ്പ് നൽകാൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് വിദഗ്ധർ പറയുന്നു. പ്രകൃതി ദുരന്തങ്ങൾ കൂടുതൽ വ്യാപകവും ചെലവേറിയതുമായി മാറുന്ന സാഹചര്യത്തിൽ, സർക്കാരുകളും ശാസ്ത്രജ്ഞരും സാങ്കേതിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം സുരക്ഷിതവും ദുരന്തപ്രതിരോധ ശേഷിയുള്ളതുമായ സമൂഹങ്ങൾ സൃഷ്ടിക്കാൻ അനിവാര്യമാണെന്നും അവർ വിലയിരുത്തുന്നു.

വെനസ്വേലയിലെ ജനങ്ങൾക്ക് ദുരന്തത്തിന്  ഏതാനും സെക്കൻഡുകൾക്ക് മുമ്പാണ് മുന്നറിയിപ്പ് ലഭിച്ചത്. പലർക്കും അത് അപകടത്തിനും രക്ഷയ്ക്കുമിടയിലെ നിർണായക സമയമായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img