05:06am 15 October 2026
NEWS
കീഴ്വഴക്കങ്ങൾ ഒഴിവാക്കി; നിയമസഭയിൽ ചോദ്യവുമായി സ്പീക്കർ
14/10/2026  03:21 PM IST
nila
കീഴ്വഴക്കങ്ങൾ ഒഴിവാക്കി; നിയമസഭയിൽ ചോദ്യവുമായി സ്പീക്കർ

 


തിരുവനന്തപുരം: നിയമസഭയിൽ കീഴ്വഴക്കങ്ങൾ ഒഴിവാക്കി ചോദ്യകർത്താവായി സ്പീക്കറും. വേമ്പനാട്ടുകായലിലെ നീരൊഴുക്ക് തടസ്സപ്പെടുന്നതും കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ വെള്ളക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. 

കായൽ നവീകരണത്തിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമഗ്രമായ പദ്ധതി നടപ്പാക്കണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നദികളിലെയും അണക്കെട്ടുകളിലെയും ചെളിയും മണലും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് സ്പീക്കർ വേമ്പനാട്ടുകായലിന്റെ പ്രശ്നങ്ങൾ ഉന്നയിച്ചത്.

തിരുക്കൊച്ചി മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളിൽ നിന്നാണ് വെള്ളമെത്തുന്നത്. എന്നാൽ, ഇത്രയധികം വെള്ളം ഉൾക്കൊള്ളാനും കടലിലേക്ക് ഒഴുക്കിവിടാനും നിലവിൽ കായലിന് കഴിയുന്നില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. മുൻപ് തടസ്സമില്ലാതെ വെള്ളം കടലിലേക്ക് ഒഴുകിയിരുന്നെങ്കിലും ഇപ്പോൾ പലയിടങ്ങളിലും നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ പ്രദേശമാകെ വെള്ളക്കെട്ട് രൂക്ഷമായെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പുമന്ത്രിമാരുമായി കൂടിയാലോചിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കി പ്രദേശത്തെ ദുരിതത്തിൽനിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കുമോയെന്നും സ്പീക്കർ മുഖ്യമന്ത്രിയോട് ചോദിച്ചു.

മധ്യകേരളത്തെ മുഴുവൻ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ് സ്പീക്കർ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. വേമ്പനാട്ടുകായലിലെ നീരൊഴുക്ക് തടസ്സപ്പെടുന്നത് ഗുരുതരമായ പ്രശ്നമാണെന്നും കുട്ടനാടും അപ്പർ കുട്ടനാടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷിനാശം വ്യാപകമാകുന്നതിനൊപ്പം കുട്ടനാട്ടിൽനിന്ന് ആളുകൾ താമസം മാറുന്ന സാഹചര്യവുമുണ്ട്. ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി.) റോഡിലും വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ വേമ്പനാട്ടുകായൽ നവീകരണത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img