11:37am 09 November 2026
NEWS
ഇരുപത്തൊമ്പതാമത്തെ വയസിൽ 51കാരിയെ വിവാഹം ചെയ്ത് കൊലപ്പെടുത്തിയ അരുണിന് ജീവപര്യന്തവും പിഴയും


25/04/2025  02:46 PM IST
nila
ഇരുപത്തൊമ്പതാമത്തെ വയസിൽ 51കാരിയെ വിവാഹം ചെയ്ത് കൊലപ്പെടുത്തിയ അരുണിന് ജീവപര്യന്തവും പിഴയും

ഇരുപത്തൊമ്പതാമത്തെ വയസിൽ 51കാരിയെ വിവാഹം ചെയ്ത് ശേഷം കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തവും പിഴയും. കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ഫിലോമിനയുടെ മകൾ ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പത്താംകല്ല് സ്വദേശി അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. സ്വത്ത് കൈക്കലാക്കാനായാണ് അരുൺ കൊലനടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2020 ഡിസംബർ 26ന് പുലർച്ചെ 1.30നായിരുന്നു  ശാഖാകുമാരി കൊല്ലപ്പെട്ടത്. ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളിൽ കൊണ്ടുപോയി ഷോക്കേസിലെ ഇലക്ട്രിക് സോക്കറ്റിൽ വയറ് ഘടിപ്പിച്ച് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേടായ സീരിയൽ ബൾബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തിൽ വിതറിയിടുകയും ചെയ്തിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാരുടെ സംശയമാണ് അപകടമെന്ന് ആദ്യം കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ഡോക്ടർമാർ സംശയം പറഞ്ഞതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവിച്ചതെന്തെന്ന് അരുൺ പൊലീസിനോട് പറഞ്ഞത്. 

 വിവാഹം വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സമ്പന്നയായ ശാഖാകുമാരി. എന്നാൽ, പിന്നീട് അരുണുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ധനികയായിരുന്ന ശാഖാകുമാരിക്ക് സ്വത്തുക്കൾക്ക് അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമാണ് അരുണുമായുള്ള പ്രണയത്തിലും വിവാഹത്തിനും ഇടയാക്കിയത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹം പരമരഹസ്യമാക്കി വയ്ക്കാനാണ് അരുൺ ശ്രമിച്ചത്. വിവാഹത്തിനുമുമ്പുതന്നെ അരുൺ ശാഖാകുമാരിയിൽ നിന്ന് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് കാർ , ബൈക്ക് എന്നിവ വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു. തെളിവില്ലാത്ത രീതിയിൽ ശാഖാകുമാരിയെ കൊലപ്പെടുത്തിയശേഷം ഭർത്താവെന്നനിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുകയായിരുന്നു ലക്ഷ്യം. വെള്ളറട പൊലീസ് ഇൻസ്പെക്ടറായിരുന്ന എം ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img