11:29pm 24 June 2026
NEWS
മൈക്രോ ഫിനാൻസിന്റെ പേരിൽ ഭീഷണി വേണ്ട വെള്ളാപ്പള്ളി
24/06/2026  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൈക്രോ ഫിനാൻസിന്റെ പേരിൽ ഭീഷണി വേണ്ട വെള്ളാപ്പള്ളി

കൊച്ചി: മൈക്രോ ഫിനാൻസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം, എറണാകുളം ടൗൺഹാളിൽ യോഗത്തിന്റെ ജില്ലയിലെ ഒമ്പത് യൂണിയനുകൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.

ഈഴവസമുദായത്തിലെ സാധാരണക്കാർക്കിടയിലേക്ക് മൈക്രോ ഫിനാൻസിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിതരണം ചെയ്തത്. ഇപ്പോഴും മൈക്രോ ഫിനാൻസ് പദ്ധതി ഒരു കുഴപ്പവുമില്ലാതെ നടക്കുന്നുണ്ട്. പദ്മ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ അതിന്റെ ശോഭ കെടുത്താൻ യാഥാർത്ഥ്യം മനസിലാക്കാതെ, വിഷയം പഠിക്കാതെ ചില ചാനലുകളിൽ ഏകപക്ഷീയമായി ചർച്ചകൾ നടത്തിയിട്ടും കേസുകൊടുത്തിട്ടും ഒന്നും നടന്നില്ല. ഇതിന് പിന്നിൽ കളിച്ചവരെ ഈ സമൂഹത്തിന് അറിയാം. ഭീഷണികൾക്ക് മുന്നിൽ പതറില്ല. വെല്ലുവിളികൾ ഉൗർജമാക്കി ഇരട്ടി ശക്തിയോടെ പ്രവർത്തിക്കുകയാണ് തന്റെ രീതി. ഇവർക്കുള്ള മറുപടിയാണ് തന്നെ അനുമോദിക്കാൻ ഇവിടെ എത്തിയ ജനസഞ്ചയം.

തന്നെ അധിക്ഷേപിക്കുന്നവർക്ക് എസ്.എൻ.ഡി.പി. യോഗത്തിൽ ഒരു സ്വാധീനവുമില്ല. ഒരു യൂണിയനോ ശാഖയോ പോലും അവരുടെ പക്കലില്ല. ഈഴവന്റെ വളർച്ച തടയുന്നത് ഇത്തരം കുലംകുത്തികളാണ്. സാമൂഹ്യനീതിക്കും ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക അവകാശങ്ങൾക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. അർഹമായത് കിട്ടാതെ പോകുമ്പോൾ ചോദിക്കുന്നതാണോ പാതകം? ജാതിയുടെ പേരിൽ നീതി നഷ്ടപ്പെടുമ്പോൾ ജാതി പറയാൻ നിർബന്ധിതരാകും. ജാതി ഇല്ലാതാക്കാനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ജാതി പറയുന്നത്. യോഗം നേതാക്കളെ ആക്ഷേപിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും. മുസ്ളീങ്ങളോട് തനിക്ക് ഒരു വിരോധവുമില്ല. മുസ്ളീം ലീഗിന്റെ വിവേചനത്തെയും വർഗീയതയെയുമാണ് മലപ്പുറത്ത് കണക്കുപറഞ്ഞ് വിമർശിച്ചത്. അതിന് തന്നെ മുസ്ളീം വിരോധിയായി ലോകമെമ്പാടും ചിത്രീകരിക്കുകയാണ്. അതിലൊന്നും താൻ പതറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എറണാകുളം ടൗൺഹാളും പരിസരവും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് യോഗം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്വീകരണം. പദ്മഭൂഷൺ പുരസ്കാരം എസ്.എൻ.ഡി.പി. യോഗം പ്രവർത്തകർക്ക് സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി​ അരയാക്കണ്ടി​ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി​. യോഗം കൗൺ​സി​ലർ പി.ടി. മന്മഥൻ ആമുഖ പ്രഭാഷണം നടത്തി. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പിള്ളി സ്വാഗതം ആശംസിച്ചു. എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ, ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ മോഹൻ ശങ്കർ, കെ. പത്മകുമാർ, പി. സുന്ദരം, ഡോ. ആനന്ദരാജ്, ഡി. പ്രേംരാജ് തുടങ്ങിയവരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img