
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്നത് നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് വർഷം ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിയ പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻറെ നിലപാട്.
പത്ത് വർഷക്കാലം പിണറായി വിജയനെ നേതാവായും ക്യാപ്റ്റനായും സർക്കാരിന്റെ മുഖമായും ഉയർത്തിക്കാട്ടിയവർ, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അദ്ദേഹത്തെ മാത്രം ലക്ഷ്യമാക്കി വിമർശനം ഉയർത്തുകയാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പാർട്ടി ഓഫീസുകൾ ദല്ലാളന്മാരുടെയും കച്ചവട താൽപര്യക്കാരുടെയും നിയന്ത്രണത്തിലായെന്നും അദ്ദേഹം വിമർശിച്ചു.
അധികാരത്തിന്റെ അഹങ്കാരം കാരണം പാർട്ടി നേതാക്കളും പ്രവർത്തകരും സാധാരണ ജനങ്ങളിൽ നിന്ന് അകന്നുപോയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വിദ്യാർഥി നേതാക്കളും ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർ വരെ ഈ മനോഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തിലെ പിഴവുകളുടെയും ആരോപണങ്ങളുടെയും മുഴുവൻ ഭാരം ഒടുവിൽ പിണറായി വിജയന് തന്നെ വഹിക്കേണ്ടി വന്നതായും അദ്ദേഹം വിലയിരുത്തി.
സിപിഎമ്മിന് ആത്മപരിശോധനയും സ്വയംവിമർശനവും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, സിപിഐ കൈകാര്യം ചെയ്ത വകുപ്പുകളുടെ പ്രവർത്തനത്തെയും രൂക്ഷമായി വിമർശിച്ചു. സിവിൽ സപ്ലൈസും റവന്യൂ വകുപ്പുകളും പരാജയപ്പെട്ടുവെന്നും അഴിമതി ആരോപണങ്ങൾ ആ വകുപ്പുകളുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനും തിരഞ്ഞെടുപ്പ് തോൽവിയിൽ പങ്കുണ്ടെന്ന് ആരോപിച്ച വെള്ളാപ്പള്ളി, ഓഫീസ് ഒരു ഉപജാപക സംഘത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്നും എഡിറ്റോറിയലിൽ വിമർശിച്ചു. പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തി മറ്റുള്ളവർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










