12:15am 13 November 2026
NEWS
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു
23/03/2026  04:14 PM IST
nila
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളിക്ക് പുറമേ പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയാണ് കോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസിന്റെ അന്തിമ വാദം ജൂണിലേക്ക് മാറ്റി.

വാദത്തിനിടെ, മൂന്ന് വർഷം തുടർച്ചയായി വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്ത സാഹചര്യത്തിൽ അയോഗ്യത സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു. അത്തരം അയോഗ്യത നിലനിൽക്കുമ്പോൾ എടുത്ത തീരുമാനങ്ങളുടെ നിയമ സാധുതയെ കുറിച്ചും ബെഞ്ച് സംശയം ഉന്നയിച്ചു. കമ്പനി നിയമപ്രകാരം വാർഷിക റിട്ടേണുകളും സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും സമർപ്പിക്കാത്തതും ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN) ഇല്ലാത്തതുമാണ് സിംഗിൾ ബെഞ്ച് അയോഗ്യതയ്ക്ക് ആധാരമാക്കിയിരുന്നത്. കമ്പനി നിയമത്തിലെ 164(2) വകുപ്പ് പ്രകാരം മൂന്ന് വർഷം തുടർച്ചയായി ഫയലിംഗ് നടത്താത്ത ഡയറക്ടർമാർക്ക് അഞ്ചുവർഷത്തേക്ക് പുനർനിയമനം ലഭിക്കില്ലെന്ന വ്യവസ്ഥയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിധിയുടെ നിയമ സാധുത ചോദ്യം ചെയ്താണ് ബന്ധപ്പെട്ടവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിലവിൽ സ്റ്റേ ലഭിച്ചതോടെ അന്തിമ വിധിവരെ ഭരണസമിതിക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img