09:07pm 03 May 2026
NEWS
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി നടേശൻ
03/05/2026  01:52 PM IST
nila
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിലായാലും എൽഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി എൽഡിഎഫ് സർക്കാർ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും, അതിന്റെ പ്രയോജനം ഏകദേശം 60 ലക്ഷം ആളുകൾക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷമാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ബിജെപിയെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ കണക്കുപ്രകാരം 14 സീറ്റുകൾ നേടാമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അത്ര വലിയ മുന്നേറ്റം ഉണ്ടാകില്ലെങ്കിലും ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും  വെള്ളാപ്പള്ളി വിലയിരുത്തുന്നു. 

 ''ബിജെപി അക്കൗണ്ട് തുറന്നാൽ ദോഷമെന്താണ്. ഇന്ത്യ ഭരിക്കുന്നവരല്ലേ. ഇപ്പോൾ ബംഗാളിലും അവർക്ക് ഭൂരിപക്ഷം കിട്ടാൻ പോകുന്നു. ബിജെപിയെ എന്തിനാണ് ചെറുതായി കാണുന്നത്. ഇന്ത്യയിൽ ഇന്ന് മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്നു. ബിജെപി ഭരണം മോശമാണെന്നൊന്നും പറയാനൊക്കില്ല. ബിജെപി ഇവിടെ ജയിച്ചാൽ അതൊരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ ഒന്നോ രണ്ടോ സീറ്റിൽ ജയിക്കുന്നതിൽ പേടിക്കാനൊന്നുമില്ല. തിരുവനന്തപുരം ജില്ലയിലായിരിക്കും ബിജെപിക്ക് കൂടുതൽ വിജയസാധ്യത'', വെള്ളാപ്പള്ളി വ്യക്തമാക്കി.

ഇതോടൊപ്പം കോൺഗ്രസിനുള്ളിലെ അധികാരത്തർക്കങ്ങളെയും യുഡിഎഫിൽ മുസ്‌ലിം ലീഗിനുള്ള അമിത സ്വാധീനത്തെയും അദ്ദേഹം വിമർശിച്ചു. 'യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്. യുഡിഎഫ് ഇവിടെ ഭരണത്തിൽ വരാൻപോകുന്നില്ല. ഇനി വന്നാൽത്തന്നെ ഇവിടെ എന്താകും സ്ഥിതി. കലഹമല്ലേ നടക്കുക. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി എത്രപേരാണ് പരസ്പരം മത്സരിക്കുന്നത്. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഭരണം കിട്ടിയാലുള്ള സ്ഥിതിയെന്താകും', വെള്ളാപ്പള്ളി ചോദിച്ചു.

കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട്ടാണെന്നും യുഡിഎഫ് വന്നാൽ ഭരണം നിയന്ത്രിക്കുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി അരോപിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വകുപ്പുകളും മന്ത്രിമാരെയും പ്രഖ്യാപിച്ചത് എവിടെനിന്നാണെന്ന് നമ്മൾ കണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. തന്റെ വിവാദ പരാമർശങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ അതിന് ആരും പരിഭവം വിചാരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img