01:16pm 12 September 2026
NEWS
നായരും ഈഴവരും സഹോദരൻമാരാണെന്ന് വെള്ളാപ്പള്ളി നടേശൻ
28/01/2026  03:44 PM IST
nila
നായരും ഈഴവരും സഹോദരൻമാരാണെന്ന് വെള്ളാപ്പള്ളി നടേശൻ

ചേർത്തല: നായരും ഈഴവരും സഹോദരൻമാരാണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. സുകുമാരൻ നായർ നിഷ്കളങ്കനാണെന്നും ഐക്യത്തിൽ നിന്ന് പിന്നോട്ടു പോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ചേർത്തലയിൽ നടന്ന എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറഞ്ഞത്. സുകുമാരൻ നായർ കാണിച്ച വിശാലമനസ്കതയ്ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം തിര‍ഞ്ഞെടുപ്പ് സ്റ്റണ്ടല്ല. അത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതിൽ പങ്കുചേരുന്നവർക്ക് പങ്കുചേരാം. അതിൽ ജാതിയോ മതമോ വർണമോ ഇല്ല. അതിൽ നമ്മൾക്ക് എതിർപ്പുള്ളത് മുസ്‌ലിം ലീഗിനോട് മാത്രമാണ്. അല്ലാതെ മുസ്‌ലിം മതത്തോടോ മറ്റ് മുസ്‌ലിം സംഘടനകളോടോ അല്ല. ലീഗ് എല്ലാം കൊണ്ടുപോയി. ഈഴവന് ഒന്നും കിട്ടിയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോൾ സമുദായത്തെ ആക്ഷേപിച്ചു എന്നാക്കി. ലീഗ് കാണിച്ചത് വിഭാഗീയത. നമ്മൾക്കെതിരെ യുദ്ധം ചെയ്യാൻ വന്നു. അത് ചൂണ്ടിക്കാണിച്ച എന്നെ മുസ്‌ലിം വിരോധിയാക്കി കത്തിക്കാൻ നോക്കുന്നു. എന്നെ കത്തിച്ചാൽ പ്രശ്നം തീരുമോ. സംവാദത്തിന് തയാറുണ്ടോ. തന്റെ സംഘടനയെ തകർക്കാൻ ശ്രമമുണ്ടായാൽ അത് നോക്കിനിൽക്കാൻ സാധിക്കില്ല’’.

‘‘സാമൂഹ്യനീതി എല്ലാവർക്കും കിട്ടണം. കിട്ടാതെ വരുമ്പോൾ തുറന്നുപറയേണ്ടി വരും. ജാതിവിവേചനത്തിൽ നിന്നാണ് ജാതി ചിന്ത ഉയർന്നുവരുന്നത്. സംഘടനയെ തകർക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ വിരൽ ചൂണ്ടേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് സുകുമാരൻ നായരുമായി ചേർന്ന് നായർ – ഈഴവ ഐക്യം ആലോചിച്ചത്. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞു. ഐക്യത്തോടെ പോകാമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഞാൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതിന് പലരും കുറ്റം പറഞ്ഞു. പക്ഷേ എനിക്ക് പിന്തുണ നൽകിയത് സുകുമാരൻ നായരാണ്. ഐക്യത്തിന് പിൻബലം തന്നതും അദ്ദേഹമാണ്. എന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതാണ് സുകുമാരൻ നായർ. അദ്ദേഹം നിഷ്കളങ്കനാണ്’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img