03:48am 13 November 2026
NEWS
മന്ത്രിസഭയുടെ ‘പുഴുക്കുത്ത്’; ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് വെള്ളാപ്പള്ളി നടേശൻ
10/03/2026  12:00 PM IST
nila
 മന്ത്രിസഭയുടെ ‘പുഴുക്കുത്ത്’; ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ പാലിക്കേണ്ട നിലവാരവും മാന്യതയും ഗണേഷ് കുമാർ പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കെ ബി ​ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് ഉയർന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ഇത്രയും വഷളായ രീതിയിൽ പെരുമാറിയ മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും, സംഭവത്തിൽ ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീകളോടും സമ്പത്തിനോടുമുള്ള അമിത താൽപ്പര്യമാണ് ​ഗണേഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 

ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് വിഷയത്തിന്റെ ഗൗരവം കുറയില്ലെന്നും, പൊതുപ്രവർത്തകനെന്ന നിലയിൽ സമൂഹത്തിന് മുന്നിൽ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം പാലിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭംഗിയായി പ്രവർത്തിക്കുന്ന മന്ത്രിസഭയിലെ ‘പുഴുക്കുത്താണ്’ ഗണേഷ് കുമാറെന്നും, അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ദാർഷ്ട്യവും മാടമ്പിത്തരവുമാണെന്നും വിമർശിച്ചു.

‘അയ്യായിരം പേരെ പ്രണയിക്കുന്നുവെന്ന് പറയുന്നത് സാധാരണക്കാരൻ പറയുന്ന കാര്യമല്ല. അങ്ങനെ അല്ലാത്തവർ പൊട്ടൻമാരും ഷണ്ഡൻമാരുമാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല,’ എന്നും വെള്ളാപ്പള്ളി പറഞ്ഞു. പരാതിക്കാരൻ കേസ് പിൻവലിച്ചാലും സംഭവത്തിന്റെ ഗൗരവം ഇല്ലാതാകില്ലെന്നും, സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ അപചയമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനൊപ്പം, മുൻ മന്ത്രി ജി. സുധാകരന് പാർട്ടി സീറ്റ് നൽകേണ്ടതായിരുന്നു എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ജനസ്വാധീനമുള്ള നല്ല നേതാവായ സുധാകരനെ പാർട്ടിയോടൊപ്പം നിലനിർത്തേണ്ടതായിരുന്നു എന്നും, അദ്ദേഹത്തിന്റെ പരാതികൾ പാർട്ടി കേട്ടു പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമായ നീക്കമായിരിക്കുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img