11:17pm 11 November 2026
NEWS
ലീഗും കേരള കോൺഗ്രസും മതപാർട്ടികളെന്ന് വെള്ളാപ്പള്ളി; ഇടതുമുന്നണിക്ക് നൽകിയ പിന്തുണയ്ക്ക് അംഗീകാരമോ നന്ദിയോ ലഭിച്ചില്ലെന്നും വിമർശനം
11/06/2026  07:43 AM IST
nila
ലീഗും കേരള കോൺഗ്രസും മതപാർട്ടികളെന്ന് വെള്ളാപ്പള്ളി; ഇടതുമുന്നണിക്ക് നൽകിയ പിന്തുണയ്ക്ക് അംഗീകാരമോ നന്ദിയോ ലഭിച്ചില്ലെന്നും വിമർശനം

ആലപ്പുഴ: സി.പി.എം വേദികളിൽ നിന്ന് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ യാതൊരു മനഃപ്രയാസവുമില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വള്ളം മുങ്ങാൻ പോകുമ്പോൾ വൃദ്ധയെ പിടിച്ച് വെള്ളത്തിലിടുന്ന അവസ്ഥയോടാണ് ഇപ്പോഴത്തെ വിമർശനങ്ങളെ ഉപമിക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ മുസ്‌ലിം സമുദായത്തെയല്ല, മുസ്‌ലിം ലീഗിനെയാണു വിമർശിച്ചതെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, ലീഗ് മതേതര പാർട്ടിയല്ലെന്ന നിലപാടും ആവർത്തിച്ചു. മുസ്‌ലിം ലീഗും കേരള കോൺഗ്രസും മതപാർട്ടികളാണെന്നും സ്ഥാനാർഥി നിർണയത്തിലും മന്ത്രിസ്ഥാനങ്ങളിലും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലുമെല്ലാം മതപരമായ പരിഗണനകൾ പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എൽ.ഡി.എഫ്. സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകിയിട്ടും അതിന് അനുസൃതമായ രാഷ്ട്രീയ പിന്തുണ ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് എയ്ഡഡ് കോളേജ് അനുവദിച്ചതും ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതേസമയം ഭൂരിപക്ഷ സമുദായങ്ങൾക്ക് പ്രത്യേക പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിസന്ധി നേരിട്ട കാലത്ത് എസ്.എൻ.ഡി.പി. യോഗം എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്നുവെന്നും 2021-ലെ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയത്തിന് പിന്തുണ നൽകിയിട്ടും അതിന് അംഗീകാരമോ നന്ദിയോ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ഇപ്പോഴത്തെ വിമർശനങ്ങൾ തങ്ങളെ ബാധിക്കുന്നില്ലെന്നും വ്യക്തമാക്കി.

താൻ സി.പി.എം. അംഗമല്ലെങ്കിലും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, സമുദായത്തിന്റെ താൽപര്യങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും തുറന്നുപറയുക എന്നതാണ് തന്റെ നിലപാടെന്നും പറഞ്ഞു. എസ്.എൻ.ഡി.പി. യോഗത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുബന്ധ സംഘടനയായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവം പാർട്ടിയുടെ നിലവിലെ അപചയത്തിന് ഒരു കാരണമായിരിക്കാമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പാർട്ടിയിൽ നിന്ന് നിരവധി നേതാക്കൾ വിട്ടുപോകുന്ന സാഹചര്യം സി.പി.എം. ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img