
താൻ മുസ്ലീം വിരോധിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ മുസ്‌ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ചില ലീഗ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തെ ഈഴവ സമുദായത്തിന്റെ അവസ്ഥയെ കുറിച്ചാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ എസ്എൻഡിപി യോഗമാണ് അതിനെ ശക്തമായി എതിർത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവ സമുദായത്തിന് മലപ്പുറം ജില്ലയിൽ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലും- സ്‌കൂളോ കോളേജോ ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, മറ്റ് സമുദായങ്ങൾ എത്രയുണ്ടെന്ന് നിങ്ങൾ ആലോചിക്കൂ, വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം സമുദായത്തിന് എയ്ഡഡ് കോളേജുകൾ തന്നെ 11 എണ്ണമുണ്ട്. ആ സമുദായത്തിനുണ്ടെന്ന് പറഞ്ഞാൽ എംഇഎസിനുണ്ടെന്ന് താൻ അവകാശപ്പെടുന്നില്ല. മുസ്‌ലിം ലീഗിലെ ചില സമുദായക്കാരുടെ കയ്യിലാണ്. ലീഗിലെ പ്രമുഖരായ നേതാക്കന്മാരാണ് അതിന്റെ ഉടമസ്ഥർ. സാധാരണക്കാർക്കോ എംഇഎസിനോ അല്ല. ലീഗിലെ പ്രമുഖന്മാരായ സമ്പന്നർക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മലപ്പുറത്ത് അറബിക് കോളേജുകൾ ആറെണ്ണമുണ്ട്. അവിടെ അറബി മാത്രമല്ല പഠിപ്പിക്കുന്നത്. അറബിയും പഠിപ്പിക്കുന്നുണ്ട്. അവ എയ്ഡഡാണ്. അവയ്ക്ക് രണ്ടരയേക്കർ ഭൂമി മതി. രണ്ടരയേക്കർ സ്ഥലമുണ്ടെങ്കിൽ ഒരു അറബിക് കോളേജായി. അറബിക് കോളേജ് എന്ന് പറഞ്ഞു തുടങ്ങിക്കഴിഞ്ഞാൽ യുജിസിയുടെ ശമ്പളത്തോടെ അവിടെ അധ്യാപകരെ നിയമിച്ച് സർക്കാർ ശമ്പളം കൊടുക്കുകയാണ്. ഫലത്തിൽ 17 എയ്ഡഡ് കോളേജുകൾ അവിടെ അവർക്കുണ്ട്, വെള്ളാപ്പള്ളി പറഞ്ഞു. പെരിന്തൽമണ്ണയിലെ അൺ എയ്ഡഡ് കോളേജ് ഒന്ന് എയ്ഡഡ് ആക്കി തരാൻ ആവശ്യപ്പെട്ടിട്ട് അവസാന കാലത്ത് ഉമ്മൻ ചാണ്ടി സർക്കാർ അതിന് തയ്യാറായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.











